ഭാഗ്യലക്ഷ്മിയെ അഭിനന്ദിച്ച മന്ത്രി കെ.കെ.ശൈലജ സ്വന്തം സർക്കാരിന്റെ കഴിവുകേടിനെ പരസ്യമായി വിമർശിക്കുകയും സ്വന്തം വകുപ്പിന്റെ പരാജയം തുറന്നു സമ്മതിച്ചിരിക്കുകയും ചെയ്തിരിക്കുന്നു: ജോൺ ഡാനിയൽ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, September 27, 2020

തിരുവനന്തപുരം: അശ്ലീല യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ കൈകാര്യം ചെയ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും സുഹൃത്തുക്കളെയും പരസ്യമായി അഭിനന്ദിച്ച വനിതാ -ശിശു ക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ
സ്വന്തം സർക്കാരിൻറെ കഴിവുകേടിനെ പരസ്യമായി വിമർശിക്കുകയും സ്വന്തം വകുപ്പിന്റെ പരാജയം തുറന്നു സമ്മതിച്ചിരിക്കുകയും ചെയ്തിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു.

യൂട്യൂബിൽ അശ്ലീല വീഡിയോ ഇട്ട് വിജയ് പി നായരെ കൈകാര്യം ചെയ്യേണ്ടി വന്നത് പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നത് കൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞത് സർക്കാരിൻറെ കഴിവുകേടാണ്. ആ കഴിവുകേട് പരസ്യമായി അംഗീകരിക്കുന്നതാണ് ആരോഗ്യമന്ത്രിയുടെ പരസ്യ അഭിനന്ദനം. ഈ സർക്കാരിൻറെ കാലത്ത് സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം ഇല്ലെന്ന് പരസ്യമായി സമ്മതിക്കുക കൂടിയാണ് വനിത കൂടിയായ മന്ത്രിയുടെ ഈ അഭിനന്ദനം.

വനിതാക്ഷേമ വകുപ്പ് മന്ത്രി പോലും അഭിനന്ദിച്ച ആ കൃത്യം നിർവഹിച്ച വനിതകൾക്കെതിരെ ജാമ്യമില്ലാ കുറ്റത്തിന് കേസെടുത്ത നടപടി ആഭ്യന്തര വകുപ്പ് പിൻവലിക്കണം. കേരളത്തിലെ വനിതകൾക്ക് സ്വന്തം ക്ഷേമം ഉറപ്പുവരുത്തണമെങ്കിൽ ചെരിപ്പും കരിഓയിലുമായി സ്വയം തെരുവിലിറങ്ങുകയല്ലാതെ വേറെ വഴിയില്ല എന്ന് വനിതാ ക്ഷേമ വകുപ്പു മന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തിൽ ആ വകുപ്പ് പിരിച്ചുവിടണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

×