പുറം കേരളത്തിൽ നിങ്ങൾക്കായി ജീവിക്കുന്നവരെ രണ്ടാംകിട പൗരന്മാരായി കണ്ട് അകം കേരളം ഞങ്ങളെ പുറം കാൽ കൊണ്ട് ചവിട്ടുന്നത് എത്ര വേദനാപൂർണമാണ്; ഞങ്ങൾക്കും ഉണ്ട് , അവിടെ നാഴിയിടങ്ങഴി മണ്ണ്’ ; പ്രവാസി കേരളത്തെ എങ്ങനെ സ്നേഹിക്കുന്നു എന്നറിയാൻ നിങ്ങൾ ഒരു പ്രവാസി ആകുക തന്നെ വേണം; മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ കുറിപ്പ്

ന്യൂസ് ബ്യൂറോ, മുംബൈ
Monday, June 1, 2020

പ്രവാസി കേരളത്തെ എങ്ങനെ സ്നേഹിക്കുന്നു എന്നറിയാൻ നിങ്ങൾ ഒരു പ്രവാസി ആകുക തന്നെ വേണമെന്ന് പറയുകയാണ് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായ ജോജോ തോമസ്‌. മുംബൈയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകനും എംപിസിസി സെക്രട്ടറിയുമായ ജോജോ തോമസിന്റെ കുറിപ്പ് വായിക്കാം..

ഇനിയെങ്കിലും ക്രൂശിക്കരുത് !

ഹലോ,

ഒരു സുഹൃത്തിൽ നിന്നാണ് താങ്കളുടെ നമ്പർ കിട്ടിയത് നിങ്ങൾ പലരെയും നാട്ടിലയച്ചതായി കേട്ടു. എൻ്റെ കൈയിൽ ആംബുലൻസിന് നൽകുവാനുള്ള വലിയ തുക ഇല്ല .എനിക്ക് നാട്ടിൽ പോകുവാൻ സഹായം ചെയ്യണം. ഞാൻ 8 മാസം ഗർഭിണിയാണ് . സ്വന്തക്കാരെല്ലവരും നാട്ടിലാണ്,ഇവിടെ ഒരു ഹോസ്പിപിറ്റലിൽ പോകുവാൻ നിവർത്തി ഇല്ല . റോഡ് മാർഗം സഞ്ചരിക്കാനും പ്രയാസമാണ്. എങ്ങനെ എങ്കിലും നാട്ടിൽ എത്തിക്കണം. പിന്നെ ഒരു നീണ്ട തേങ്ങലായിരുന്നു. സമാധാനിപ്പിക്കാൻ വാക്കുകളില്ലായിരുന്നു..

ഈ അജ്ഞാത സഹോദരിയുടെ ഹൃദയം പൊള്ളിക്കുന്ന രോദനം കോവിഡ് കാലത്ത് ലഭിച്ചു വരുന്ന നിരവധി പരിദേവനങ്ങളിൽ ഒന്ന് മാത്രം. അങ്ങനെയാണ് ശ്രമിക്ക് ട്രയിനിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്, മലയാളികളിൽ അതിഥി തൊഴിലാളികൾ നന്നേ കുറവാണ്. അതുകൊണ്ടു തന്നെ പണമടച്ച് ട്രയിൻ ബുക്ക് ചെയ്യണം. ചിലവ് ഒരു വലിയ പ്രശ്നം ആയിരുന്നു. കേ.സി വേണുഗോപാൽ ജീ MPCC യോട് ആവശ്യപ്പെട്ട് ട്രെയിനിൻ്റെ തുക നൽകാമെന്ന് സമ്മതിച്ചു.

പിന്നീട് ലിസ്റ്റ് തയ്യാറാക്കി നല്ലവരായ കുറച്ച് വീട്ടമ്മമാരും സുഹ്യത്തുകളും അഹോരാത്രം അധ്വാനിച്ച് രാത്രി ഉറക്കളച്ച് ഫോൺ ചെയ്ത് സെമിക്ക് ട്രെയിനിൻ്റെ വിവരം അറിയിച്ച്, പലരുടെയും നാട്ടിലേക്ക് പോകുവാനുള്ള സ്വപ്നം യാഥാർത്യമായത്. അത്യാവശ്യമായി പോകേണ്ടിയിരുന്ന പരമാവധി ആളുകളെ നാട്ടിലേക്ക് അയക്കുക എന്ന വലിയ ദൗത്യം അങ്ങനെ യാഥാർഥ്യമായി.

പ്രത്യേകിച്ചും മുംബൈയിൽ കുടുങ്ങിക്കിടന്ന നൂറു കണക്കിന് സ്വന്തം നാട്ടുകാരെ അവരുടെ ജന്മനാട്ടിൽ എത്തിക്കാൻ കേരളത്തിലെ ,പിണറായി സർക്കാർ ഒരു ചെറു വിരൽ പോലും ചലിപ്പിക്കാത്ത സന്ദർഭത്തിൽ കെ.സി. വേണുഗോപാൽ ജി മുൻ കൈയ്യെടുത്ത് നാട്ടിലേക്കയച്ച ആദ്യ ട്രയിൻ നൂറു കണക്കിന് മലയാളികൾക്ക് മറക്കാനാകാത്ത വിധം താങ്ങും തണലുമായി. ട്രയിനിന്റെ ചിലവ് നൽകിയ മഹാരാഷ്ട്രാ സർക്കാരിനോടും നമ്മൾ കടപ്പെട്ടിരിക്കുന്നു.

ലോകം മുഴുവൻ അംഗീകരിച്ച കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുവാൻ വേണ്ടി ബോധപൂർവ്വമായ ശ്രമം നടത്തുന്നതിൻ്റെ ഭാഗമായിട്ടാണ് മുംബൈയിൽനിന്നും ട്രയിൻ അയച്ച് യാത്രക്കാരെ കേരളത്തിലേക്ക് കൊണ്ട് എത്തിച്ചതെന്നും, അവരൊക്കെ മരണത്തിന്റെ ദൂതന്മാർ ആണെന്നും നാട്ടിൽ ചില കുബുദ്ധികൾ പ്രചരിപ്പിച്ചു. പിന്നെ അത് ആവർത്തിച്ചാവർത്തിച്ച് കേരള ജനതയുടെ മനസ്സിൽ ആഴത്തിൽ പേടിയുടെയും വെറുപ്പിൻ്റെയും വിത്തുകൾ പാകി വളം ഇട്ടു കൊടുക്കുന്ന ദുഷ് പ്രചരണം ആവർത്തിക്കുന്നതിനിടയൽ അവർ ഒരു കാര്യം മറന്നു.

പ്രിയപ്പെട്ടവരേ , നിങ്ങളുടെ സ്വന്തം രക്തം പേറുന്നവർക്ക് വേണ്ടിയാണ് അവരുടെ ട്രയിൻ യാത്രക്ക് വേണ്ടി ഞങ്ങൾ വലിയ പോരാട്ടങ്ങൾ നടത്തിയത്. അല്ലാതെ മുംബൈയിൽ നിന്നും കോവിഡ് വിത്തുകളെ ഞങ്ങളുടെ സഹോദരങ്ങൾക്കും, അഛൻ,അമ്മമാർക്കും സമ്മാനിക്കാൻ വേണ്ടിയല്ല.

ഞങ്ങളൊക്കെ ഈ മഹാനഗരത്തിൽ തന്നെയുണ്ട്.ദയവായി ഈ വിഷയത്തിൽ ഇനിയും ഞങ്ങളെ ക്രൂശിക്കരുത്.

പുറം കേരളത്തിൽ നിങ്ങൾക്കായി ജീവിക്കുന്നവരെ രണ്ടാംകിട പൗരന്മാരായി കണ്ട് അകം കേരളം ഞങ്ങളെ പുറം കാൽ കൊണ്ട് ചവിട്ടുന്നത് എത്ര വേദനാപൂർണമാണ്.ഞങ്ങൾക്കും ഉണ്ട് , അവിടെ നാഴിയിടങ്ങഴി മണ്ണ്’ . പ്രവാസി കേരളത്തെ എങ്ങനെ സ്നേഹിക്കുന്നു എന്നറിയാൻ നിങ്ങൾ ഒരു പ്രവാസി ആകുക തന്നെ വേണം.

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിലെ നമ്പർ ഗയിമിൽ വിജയിക്കാൻ വേണ്ടി ബോധപൂർവം നടത്തുന്ന പ്രചരണത്തിൽ വെറുപ്പിൻ്റെയും വിദ്വേഷത്തിനും വിത്തു പാകുന്നത് താൽക്കാലിക നേട്ടമുണ്ടാക്കിയേക്കാം. എങ്കിലും പലരുടെയും ജീവിതം തന്നെ ഇതിലൂടെ നഷ്ടപ്പെടുന്നു എന്ന സത്യം നാം ഓർക്കാതെ പോകരുത്.

മുംബൈയിൽ നിന്നും അയച്ച ആദ്യത്തെ ശ്രമിക്ക് ട്രെയിനിൽ യാത്ര ചെയ്തവരിൽ ആരുംതന്നെ പോസിറ്റീവായി മാറിയതായിട്ടുള്ള റിപ്പോർട്ടുകൾ ഇല്ല ട്രെയിൻ കേരളത്തിലേക്ക് ചെല്ലുന്ന അവസരം മുതൽ രോഗികൾ വരുന്നു, രോഗികൾ വരുന്നു എന്നു മുറവിളി കൂട്ടിയവർ എന്താണ് പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞതെന്ന് അവർ ഒന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും

മുംബൈയിൽ ഇടുങ്ങിയ ചെറുമുറികളിൽ കൊറോണാ കാലഘട്ടത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ ഓരോ ദിവസവും കഷ്ടപ്പാടിൻ്റെ യും ദുഃഖത്തെയും വേദനയുടെയും തീരങ്ങളിലൂടെ കടന്നു പോയവർ ,മാസങ്ങളായി നോർക്കയിൽ രജിസ്റ്റർ ചെയ്ത് സ്വന്തം നാട്ടിലേക്ക് ഉടൻ പോവാൻ സാധിക്കുമെന്നു കരുതി കാത്തിരിക്കുന്നവർ.

പിന്നീട് കോവിഡ് 19 ജാഗ്രതയിൽ രജിസ്റ്റർ ചെയ്താൽ നാട്ടിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവർ എങ്ങനെയും നാട്ടിലെത്തിയാൽ എൻ്റെ ജീവിതം നീട്ടി കിട്ടുമെന്ന് പ്രതീക്ഷിച്ച ഹൃദ്രോഗികൾ, വയോജനങ്ങൾ, സ്റ്റഡി ടൂറിന് വന്ന കുട്ടികൾ അവരെയൊക്കെയാണ്. നിങ്ങൾ മരണത്തിന് ദൂതന്മാരാ മുദ്ര കുത്തി കരയിച്ചത്.

പാവപ്പെട്ടവന്റെ സർക്കാർ എന്ന് അവകാശപ്പെടുന്ന ഇടത് പക്ഷ ആ സർക്കാരിന്റെ കോവിഡ് 19 ജാഗ്രത സൈറ്റിൽ കയറി നോർക്കക്കു പുറമെ വീണ്ടും രജിസ്റ്റർ ചെയ്തവർക്ക് ഒരു കാര്യം മനസ്സിലായി. താൻ പാവപ്പെട്ടവനായി പോയതുകൊണ്ട് മാത്രം കേരളത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്വന്തമായി വാഹനസൗകര്യം ഉള്ളവർക്ക് മാത്രമേ കേരളത്തിലേക്ക് യാത്ര ചെയ്യുവാൻകഴിയു എന്നുള്ള സത്യം..

എങ്ങനെയും നാട്ടിൽ എത്തി ജീവിക്കണം എന്നുള്ള ഉത്കടമായ ആഗ്രഹം കൊണ്ട് പലരും ടാക്സിക്കാരെ കണ്ടെത്തി വലിയ തുക ചിലവിട്ട് എങ്ങനെയും നാട്ടിൽ എത്തണം എന്ന് കരുതിയവർ 50000 മുതൽ ഒരു ലക്ഷം വരെയാണ് ഈ ജോലി ഇല്ലാതെ കോറോണ കാലഘട്ടത്തിൽ അവർ ചിലവഴിക്കാൻ തയ്യാറായത് ,ആദ്യകാലങ്ങളിൽ പോയാ ഡ്രൈവർമാർ പിന്നീട് കേരളത്തിൽ 14 ദിവസം കോറണ്ടെനിൽ പോകേണ്ട സാഹചര്യം ഉണ്ടായി

പിന്നെ ടാക്സി കാരിൽ പലരും പോകാതെയായി, അനന്തരം നാട്ടിൽ നിന്നും വണ്ടി വിളിച്ച് പോകുവാനുള്ള കാത്തിരിപ്പായി മുംബൈയിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന എല്ലാവരോടും വിഷമതകൾ പറഞ്ഞുകൊണ്ട് മുംബെയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ഒട്ടനവധി ആളുകൾ വേദന തിന്ന് കഴിഞ്ഞു.

ആ കൂട്ടത്തിൽ ഗർഭണികൾ ഉണ്ട് കേരളത്തിൽ നിന്നും വന്ന് ഇവിടെ ബന്ധു വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും കുടുങ്ങിപ്പോയ പലർക്കും പിന്നീട് മാനസിക അസ്വസ്ഥത പിടിപ്പെട്ട അവസ്ഥ വരെ ഉണ്ടായിരുന്നു., രണ്ടു ദിവസത്തെ സന്ദർശനത്തിന് മുംബെയിൽ വന്ന് തിരിച്ചു പോകാനാകാത്തവർ ഹോട്ടലുകളിൽ ലക്ഷങ്ങൾ ചിലവഴിച്ച് താമസിക്കേണ്ടി വന്നു. ടാറ്റാ ഹോസ്പിറ്റലിലും മറ്റുംചികിത്സയ്ക്ക് വേണ്ടി മുംബൈയിൽ വന്ന് കുടുങ്ങിപ്പോയവരുമുണ്ടായിരുന്നു. ഇന്റർവ്യൂനു വേണ്ടി മുംബൈയിൽ വന്ന് ഒരു വര്ഷം ജോലി ചെയ്താൽ ലഭിക്കുന്ന വേതനം തന്നെ ചിലവഴിച്ചവരുമുണ്ട് .

കേരളത്തിലെ ഒരു ജില്ലയുടെ വലുപ്പമില്ലാത്ത മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ രണ്ട് കോടി ജനങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഏകദേശം മൂന്നര കോടി ജനങ്ങൾ മാത്രം.

സ്വന്തം മലയാളികളായ കേരളത്തിലെ സ്വന്തം ഭാഗമായിട്ടാണ്. മുംബൈയിൽനിന്നും ട്രയിൻ അയച്ച് യാത്രക്കാരെ കേരളത്തിലേക്ക് കൊണ്ട് എത്തിച്ചതെന്നും, അവരൊക്കെ മരണത്തിന്റെ ദൂതന്മാർ ആണെന്നും നാട്ടിൽ ചില കുബുദ്ധികൾ പ്രചരിപ്പിച്ചു. പിന്നെ അത് ആവർത്തിച്ചാവർത്തിച്ച് കേരള ജനതയുടെ മനസ്സിൽ ആഴത്തിൽ പേടിയുടെയും വെറുപ്പിൻ്റെയും വിത്തുകൾ പാകി വളം ഇട്ടു കൊടുക്കുന്ന ദുഷ് പ്രചരണം ആവർത്തിക്കുന്നതിനിടയൽ അവർ ഒരു കാര്യം മറന്നു.

ജോലി ചെയ്യുവാൻ വേണ്ടി കേരളത്തിനു പുറത്ത് പോകാൻ നിർബന്ധിതരായ
സുമനസ്സുകളാണ് ഇവർ.കഠിനാധ്വാനം ചെയ്ത് കേരളത്തിന്റെ സാമ്പത്തികതയെ താങ്ങി നിർത്തുന്നവർ.

ഇന്ത്യയിൽ, കേരളത്തിനു പുറത്ത് താമസിക്കുന്ന മലയാളികളെ മരണത്തിലേക്ക് തള്ളി വിടുന്ന കിരാത ഭരണമാണ് കേരളത്തിൽ ഇന്ന് നടക്കുന്നതെന്ന് പ്രവാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

സത്യത്തെ വളച്ചൊടിച്ച് എന്തു നെറികേടും കാണിക്കുവാൻ കുറച്ച് ആളുകളെയും സൈബർ ദ്രോഹികളെയും ഉപയോഗിച്ച് നിങ്ങൾ നടത്തുന്ന പ്രവർത്തനത്തിന് വലിയ വില നൽകേണ്ടി വരും

കേരള സർക്കാർ തന്നെ ഇത്തരത്തിൽ പ്രചരണം നടത്തുന്നവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് നീതികേടാണ്.

പ്രവർത്തനങ്ങൾ നടത്തരുതെന്നു ഉള്ള അഭ്യർത്ഥനയുണ്ട് .ലോക്ക് ഡൗൺ തുടങ്ങിയതിനുശേഷം രാവിലെ ആറ് മണിമുതൽ രാത്രി പന്ത്രണ്ടര വരെ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന ഫോൾ കോളുകൾക്ക് മറുപടി പറഞ്ഞു..

പലരുടെയും സങ്കടം പറച്ചിൽ നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. ഒരു ട്രെയിനിൽ ആയിരത്തോളം ആളുകളെ കയറ്റി അയച്ചപ്പോഴും നൂറു കണക്കിന് വണ്ടിയിൽ ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിലേക്ക് എത്തിച്ചപ്പോഴും ,ബ്രയിൻ ടുമറടക്കം തുടർ ചികിത്സയ്ക്ക് വേണ്ടി നാട്ടിലേക്ക് പോകുവാൻ കഴിയാത്ത പലരെയും സുരക്ഷിതമായി നാട്ടിലെത്തിച്ചപ്പോഴും അവരുടെ കുടുംബത്തിൽ ഉള്ളവരുടെയും ബന്ധുക്കളുടെയും സന്തോഷം മാത്രംമതി നിങ്ങളുടെ പുലഭ്യങ്ങളെ അതിജീവിക്കുവാനുള്ള കരുത്ത് ലഭിക്കാൻ.

രാഷ്ട്രിയമായി ഇതിനെ കാണുവാൻ താൽര്യമില്ല മറിച്ച് മനുഷത്വപരമായി കാണുന്നു. സ്വന്തം ബിൽ ഡിങ്ങിൽ 50 പേർ കോവിഡ്’ പോസിറ്റിവ് ആയാൽ അത്ര വിഷമം ഇല്ലാത്ത മലയാളി നാട്ടിലെ തൻ്റെ ജില്ലയിൽ 5 കേസ് പോസിറ്റിവ് ആയാൽ അസ്വസ്ഥനാവുന്നു.

കാരണം അവൻ്റെ ഹ്യദയവും മനസും സ്വന്തം നാട്ടിലാണ് അവൻ്റെ മാത്യ സംസ്ഥാനമായ അമ്മക്കരുകിലേക്ക് ഓടി യെത്തുവാൻ വെമ്പൽകൊള്ളുന്നു അതിഥി തൊഴിലാളിയെ അവൻ്റെ നാട്ടിലേക്ക് അയച്ച കേരളം സ്വന്തം ജനതയെ സഹായിക്കുവാൻ സ്വയം തയ്യാറായില്ലന്നു മാത്രമല്ല , തയ്യാറായ മറ്റു സംസ്ഥനങ്ങളുടെ മുൻപിൽ വാതിലുകൾ കൊട്ടി അടക്കുകയും ചെയ്തു.

പ്രളയം വരുമ്പോഴും, ബിസിനസ് മീറ്റിനും മന്ത്രിമാർ ഓടിയെത്തുന്നത് മുംബൈ അടക്കമുളള മറുനാടൻ മലയാളികളെ പിഴിയാനാണ് എന്ന കാര്യം സ്വയം തിരിച്ചറിഞ്ഞ് രണ്ടാം കിട പൗരൻ മാരായി ഞങ്ങളെ കാണാതിരിക്കണമെന്ന് ഒരിക്കൽ കൂടി അപേക്ഷിക്കുന്നു.

 

×