കൊച്ചി: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച കൊച്ചിയില്‍ നടത്തിയ ദേശീയപാത ഉപരോധത്തിലെ കേസുകള്‍ നേരിടാന്‍ കോണ്‍ഗ്രസ് നടപടി തുടങ്ങി. പ്രവര്‍ത്തകരെ ബലിയാടാക്കാതെ കേസിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കേസിനെ കുറിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ചര്‍ച്ച നടത്തി.
സംഘര്‍ഷത്തിനിടെ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത കേസില്‍ മുന്‍കൂര്‍ ജാമ്യ സാധ്യതയില്ലാത്തതിനാല്‍ പ്രതിയാക്കപ്പെട്ടിട്ടുള്ളവര്‍ പോലീസില്‍ ഹാജരാവണമോ എന്നതിലും നിയമവൃത്തങ്ങളുമായി ചര്‍ച്ച നടത്തും. നേതാക്കളും പ്രവര്‍ത്തകരും ജാമ്യം കിട്ടാതെ ജയിലിലാവുന്നത് ഒഴിവാക്കാനാണ് പാര്‍ട്ടിയുടെ നീക്കം.
വാഹനം തകര്‍ത്ത കേസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയാക്കപ്പെട്ട മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചി മുന്‍മേയര്‍ ടോണി ചമ്മിണി അടക്കമുള്ളവര്‍ക്ക് അധികദിവസം അറസ്റ്റില്‍നിന്ന് മാറിനില്‍ക്കാന്‍ സാധിച്ചേക്കില്ല.
ഇന്നു തന്നെ ടോണി ചമ്മണിയെ അറസ്റ്റു ചെയ്യാന്‍ പോലീസും നീക്കം നടത്തുന്നുണ്ട്. ഇവര്‍ കൊച്ചിയില്‍ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. നിലവില്‍ കേസില്‍ അറസ്റ്റിലായ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്്.
വാഹനത്തില്‍ കണ്ട രകതക്കറ ഇയാളുടേതാണെന്നു ഉറപ്പുവരുത്താന്‍ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ഇതു കേസില്‍ നിര്‍ണായക തെളിവായി മാറും. ആക്രമണം നടന്ന സമയത്തെ വിവിധ ചാനല്‍ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
അതിനിടെ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജോജു ജോര്‍ജിനെതിരേ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന് തെളിവില്ലെന്ന് പറഞ്ഞാണ് പോലീസ് കേസ് എടുക്കാത്തത്. ജോജു അപമര്യാദയായി പെരുമാറുന്നതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.
സമരത്തിന്റെ പേരില്‍ പ്രവര്‍ത്തകര്‍ മാത്രം പ്രതിസന്ധിയിലായാല്‍ അത് വലിയ തിരിച്ചടിയുണ്ടാക്കും എന്നു തന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എല്ലാ നിയമനടപടികള്‍ക്കും പാര്‍ട്ടി ഒപ്പമുണ്ടാകുമെന്നു തന്നെയാണ് നേതൃത്വം നല്‍കുന്ന ഉറപ്പ്.
വഴിതടയല്‍ സമരത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഒന്നാം പ്രതിയും കെപിസിസി വൈസ് പ്രസിഡന്റ് വിജെ പൗലോസ് രണ്ടാം പ്രതിയുമാണ്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് മൂന്നാം പ്രതിയാണ്. ആകെ 15 പേരാണ് കേസില്‍ പ്രതികള്‍. ഇവരുടെ അറസ്റ്റും ഉടന്‍ ഉണ്ടാകും.