Advertisment

തെരഞ്ഞെടുപ്പിന് മുന്‍പായി മീനച്ചില്‍ പഞ്ചായത്തില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ !  കേരളാ കോണ്‍ഗ്രസ് വിമത വിഭാഗം ജോസ് കെ മാണി പക്ഷത്തിനൊപ്പം ചേര്‍ന്നു ! വിമതരെ ഒപ്പം കൂട്ടാന്‍ മത്സരിച്ച കോണ്‍ഗ്രസും ജോസഫ് വിഭാഗവും വെട്ടിലായി !

New Update

publive-image

Advertisment

പാലാ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മീനച്ചില്‍ പഞ്ചായത്തില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം കേരളാ കോണ്‍ഗ്രസ്-എമ്മുമായി തെറ്റി ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്ന വിമത വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കെ വിമതര്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു.

വിമതരെ ഒപ്പം കൂട്ടി പഞ്ചായത്ത് പിടിക്കാന്‍ ജോസഫ് വിഭാഗവും കോണ്‍ഗ്രസും അണിയറ നീക്കങ്ങള്‍ തുടരുന്നതിനിടയിലാണ് മുന്‍ പ്രസിഡന്‍റടക്കം 3 ഗ്രാമപഞ്ചായത്തംഗങ്ങളും ഇവര്‍ക്കൊപ്പമായിരുന്ന പ്രാദേശിക നേതാക്കളും കേരളാ കോണ്‍ഗ്രസ്-എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇവരെ ജോസ് കെ മാണി എംപി ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

നിലവിലെ പഞ്ചായത്ത് ഭരണത്തില്‍ പ്രസിഡന്‍റായിരുന്ന ഗ്രാമ പഞ്ചായത്തംഗം റെനി ബിജോയ്, പഞ്ചായത്തംഗങ്ങളായ സാജോ പൂവത്താനി, ജാന്‍സി ഷാജി, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിജോയ് ഈറ്റത്തോട്ട്, മുന്‍ പഞ്ചായത്തംഗം പിടി ജോസഫ് പന്തലാനി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇന്ന് ജോസ് കെ മാണിയെ കണ്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം അറിയിച്ചത്.

വരും ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം പാര്‍ട്ടിവിട്ട നൂറുകണക്കിന് പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ മടങ്ങിയെത്തിയേക്കും.

ഇവരില്‍ ബിജോയ് ഈറ്റത്തോട് യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സാജോ പൂവത്താനി കേരളാ കോണ്‍ഗ്രസ്-എം മുന്‍ പാലാ നിയോജക മണ്ഡലം സെക്രട്ടറിയുമായിരുന്നു.

publive-image

മീനച്ചില്‍ പഞ്ചായത്തിലെ പ്രാദേശിക ഘടകവുമായി നടത്തിയ ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കും ശേഷമാണ് വിമതര്‍ വീണ്ടും പാര്‍ട്ടിക്കൊപ്പം ചേരാന്‍ തീരുമാനിച്ചത്.

ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മീനച്ചില്‍ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ശക്തമായ രാഷ്ട്രീയ മേല്‍ക്കൈ ഉണ്ടായിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമാണ് മീനച്ചില്‍ പഞ്ചായത്ത്.

5 വര്‍ഷം മുമ്പ് വിമത വിഭാഗം വിട്ടുനിന്നശേഷം നടന്ന 3 നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും പോലും മീനച്ചില്‍ പഞ്ചായത്തില്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ.

എന്നാല്‍ കേരളാ കോണ്‍ഗ്രസ്-എം യുഡിഎഫ് വിട്ടതോടെ വിമതരെ ഒപ്പംകൂട്ടി പഞ്ചായത്ത് മുന്നണിക്കൊപ്പം നിലനിര്‍ത്താനായിരുന്നു കോണ്‍ഗ്രസും ജോസഫ് വിഭാഗവും ശ്രമിച്ചത്.

കേരളാ കോണ്‍ഗ്രസ്-എം മുന്നണിയിലെത്തിയതോടെ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം. അതിനാല്‍ കേരളാ കോണ്‍ഗ്രസിലെ വിമത വിഭാഗത്തെക്കൂടി പാര്‍ട്ടിയില്‍ തിരികെയെത്തിക്കണമെന്ന അഭിപ്രായം സിപിഎം നേതാക്കളും ജോസ് കെ മാണി വിഭാഗത്തിന്‍റെ പ്രാദേശിക ഘടകത്തോട് പങ്കുവച്ചിരുന്നു.

വിമതരെ ഒപ്പംകൂട്ടി യുഡിഎഫ് മുതലെടുപ്പ് നടത്തുന്നത് തടയാനായിരുന്നു ഇത്. ഇക്കാര്യത്തില്‍ പ്രാദേശിക നേതാക്കളും വിമത വിഭാഗവും തമ്മില്‍ ധാരണയിലെത്തിയതോടെ മീനച്ചില്‍ പഞ്ചായത്തില്‍ വീണ്ടും കേരളാ കോണ്‍ഗ്രസ്-എം ഷ്ട്രീയനില സുരക്ഷിതമാക്കിയിരിക്കുകയാണ്.

നേരത്തേ ഇവര്‍ക്കൊപ്പം പഞ്ചായത്ത് ഭരണത്തില്‍ പങ്കാളികളായിരുന്ന 2 ഗ്രാമ പഞ്ചായത്തംഗങ്ങളായ ജിബിന്‍ ജോണ്‍, ഷിബു പൂവേലി എന്നിവര്‍ നേരത്തേ ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു. ജോസഫ് ഗ്രൂപ്പിന്‍റെ മുന്‍ നേതാവായിരുന്നു ഷിബു.

ഇദ്ദേഹവും കഴിഞ്ഞ ദിവസം ജോസ് പക്ഷവുമായി ചര്‍ച്ച നടത്തിയതായി സുചനയുണ്ടായിരുന്നു. എന്നാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പദവി രാജിവച്ച് ഇദ്ദേഹം ജോസഫ് വിഭാഗത്തില്‍ ചേരുകയായിരുന്നു.

 

 

jos k mani
Advertisment