സീറ്റ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തുമ്പോഴും എല്‍ഡിഎഫില്‍ തര്‍ക്കത്തിനും വാശിപിടിക്കാനും നില്‍ക്കാതെ ജോസ് കെ മാണി പാലായില്‍. ജോസിന് ഉറപ്പു നല്‍കിയ സീറ്റുകള്‍ ഉറപ്പാക്കി സിപിഎമ്മും. ജനകീയ യാത്രക്കുശേഷം പാലായില്‍ ഒരുവട്ടം കൂടി മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ജോസും കൂട്ടരും !

ന്യൂസ് ബ്യൂറോ, പാലാ
Monday, March 8, 2021

പാലാ: എൽഡിഎഫിൽ കേരള കോൺഗ്രസ് (എം) സീറ്റുകളെസംബന്ധിച്ച് പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണിക്ക് ഒരു വിധ ടെൻഷനുമില്ല. അതിനാല്‍ തന്നെ തര്‍ക്കത്തിനും വാശിപിടുത്തത്തിനും ജോസില്ല. പകരം കൂളായി പാലായിലെ മുക്കും മൂലയും അരിച്ചുപെറുക്കി ഒന്നും രണ്ടും ഘട്ട പ്രാഥമിക പ്രചാരണവും പൂർത്തിയാക്കി അണിയറ നീക്കവുമായി പടയോട്ടം നടത്തുകയാണ് അദ്ദേഹം. ജനകീയ യാത്രക്കുശേഷം ഒരുവട്ടം കൂടി നിയോജക മണ്ഡലത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തകരെ സജ്ജമാക്കി.

കേരള കോൺഗ്രസ് (എം) മത്സരിക്കേണ്ട സീറ്റുകൾ എൽഡിഎഫിന്റെ താക്കോൽ സ്ഥാനത്തുള്ളവരെ ഏല്പിച്ചിട്ടുണ്ടെന്നും അവർ അത് നീതിപൂർവ്വം തന്നെ കൈകാര്യം ചെയ്ത് ഉള്ളംകൈയ്യിൽ ഏല്പിച്ചു കൊള്ളുമെന്നും ജോസ് കെ മാണിക്ക് ഉറപ്പുണ്ട്.

ഒരു ആവലാതിക്കും തിരുവനന്തപുരത്തേക്കില്ല, കോട്ടയത്തും പാലായിലുമായി എൽഡിഎഫ് വിജയം ഉറപ്പാക്കാനുള്ള തിരക്കിലാണ് ജോസ്.

കേരള കോൺഗ്രസ് എൽഡിഎഫ് ഭാഗമായാലും വോട്ട് പങ്കിടൽ നടക്കില്ല എന്ന രാഷ്ട്രീയ നിരീക്ഷണങ്ങളെ തെറ്റിച്ചുകൊണ്ട് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്വാധീന മേഖലകളിൽ എൽഡിഎഫ് തൂത്തുവാരിമിന്നുന്ന വിജയം സമ്മാനിച്ചതോടെ ജോസിനെ കൂട്ടിയതിൽ ലാഭത്തിന്റെ കണക്കു മാത്രമെ എൽഡിഎഫിന്റെ കണക്ക് പുസ്തകത്തിലുള്ളു.

ഇതോടെ 20 വർഷമായി സിപിഎം തുടർച്ചയായി വിജയിച്ചു കൊണ്ടിരുന്ന സിററിംഗ് സീറ്റുകൾ പോലും ഒരു തടസ്സവാദവുമില്ലാതെയാണ് സിപിഎം വിട്ടു നൽകി ഒപ്പമുണ്ട് എന്ന് തെളിയിച്ചിരിക്കുകയുമാണ്. ഇത് എൽഡിഎഫിൽ കേരള കോൺഗ്രസ് അണികൾക്ക് കൂടുതൽ ആത്മവിശ്വാസവും അടുപ്പവും ഉണ്ടാക്കിക്കഴിഞ്ഞു. ഒരു വിധ കലപിലയുമില്ലാതെ ആഗ്രഹിച്ചതെല്ലാം തന്നെ കിട്ടുകയും ചെയ്തിരിക്കുന്നു.

രണ്ട് തവണ തുടർച്ചയായി മികച്ച ഭൂരിപക്ഷത്തിൽ പാലാ ഉൾപ്പെടുന്ന കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ വിജയിച്ച തിളക്കം നില നിർത്തി തന്നെയാണ് പ്രചാരണം.

കേരള കോൺഗ്രസ് സ്വാധീന മേഖലകളിൽ എൽഡിഎഫ് വിജയത്തിനായി കേരളമൊട്ടുക്കും പോകേണ്ടതിനാൽ പാലായിലെ താഴെ തട്ട് പ്രവർത്തനം പ്രാദേശിക നേതൃത്വത്തെയും ജനപ്രതിനിധികളെയും ചുമതലപ്പെട്ടുത്തിയിരിക്കുകയാണ് എൽഡിഎഫ് ജില്ലാ നേതൃത്വം.

ജോസ് കെ മാണിയെ പാലായിൽ മാത്രമായി നിർത്താനാവില്ലായെന്ന് എൽഡിഎഫ് നേതൃത്വം പാലായിലെ ഘടകങ്ങൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയത്തിനായി എങ്ങനെ പ്രവർത്തിച്ചോ അതിലും ശക്തിയായി ഇത്തവണ രംഗത്തുവരണമെന്നാണ് താഴെ തട്ടിലേക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാലായിൽ ലഭിച്ച 10,000-ൽ പരം വോട്ടിന്റെ ലീഡ് 25000 എന്നതിലേക്ക് എന്നതാണ് എൽഡിഎഫ് ടാർജററ്. ഈ ടാർജറ്റ് മണ്ഡലത്തിന്‍റെ ചുമതലയുള്ള സിപിഎം നേതാവ് ലാലിച്ചൻ ജോർജ് അണികളെ അറിയിക്കുകയും ചെയ്തു. തുടർ ഭരണം എന്ന ലക്ഷ്യം നേടാനുറച്ചുള്ള പോരാട്ടത്തിൽ പഴുതടച്ചുള്ള പ്രചാരണമാണ് പാലായിലെ ലക്ഷ്യം.

രാവിലെ പത്ത് മണി വരെ പാലായിൽ വീട്ടിൽ പാർട്ടി സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനായുള്ള ചർച്ചകളിലാണ് ജോസ് കെ മാണി. ഇതോടൊപ്പം മറ്റ് മണ്ഡലങ്ങളിലെ വോട്ടുകൾ എൽഡിഎഫിന് ഉറപ്പാക്കുന്നതിനായുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നു.

എൽഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ തയ്യാറായി എത്തുന്ന മറ്റ് പാർട്ടി പ്രവർത്തകരെയും നേതാക്കളെയും സ്വീകരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. പാലായിൽ എൽഡിഎഫ് രണ്ട് ഘട്ട പ്രചാരണം പൂർത്തിയാക്കി.

ആദ്യഘട്ടമായി ജനകീയം വികസന സന്ദേശ പദയാത്രയും രണ്ടാം ഘട്ടമായി എൽഡിഎഫ് പഞ്ചായത്തുതല നേതൃയോഗങ്ങളുമാണ് പൂർത്തിയാക്കിയത്.

മൂന്നാം ഘട്ട കുടുംബയോഗങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. മുഴുവൻ യോഗങ്ങളിലും ഘടക കക്ഷി ശില്പശാലകളിലും നേതൃതല യോഗങ്ങളിലും ജോസ്. കെ മാണി നേരിട്ട് പങ്കെടുക്കുകയും ചെയ്തു.

×