റബര്‍ കര്‍ഷകന് തലോടലുമായി ഐസക്കിന്റെ ബജറ്റ് ! വിലസ്ഥിരതാ പദ്ധതിയില്‍ റബറിന് തറവില 20 രൂപാ വര്‍ധിപ്പിച്ചു. 170 രൂപയാക്കി വര്‍ധിപ്പിച്ചത് ജോസ് കെ മാണിയുടെ സമ്മര്‍ദ്ദം മൂലം; പ്രതിസന്ധികള്‍ക്കിടെയിലും റബര്‍ കര്‍ഷകനെ ചേര്‍ത്തു പിടിക്കാന്‍ ഐസക്കിന് പ്രേരണ നല്‍കിയത് ജോസ് കെ മാണിയുടെ നിലപാട്; സര്‍ക്കാരിനെ അഭിനന്ദിച്ച് ജോസ് കെ മാണിയും !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 15, 2021

കോട്ടയം: റബറിന്റെ തറവില ഉയര്‍ത്തി ധനമന്ത്രി തോമസ്‌ ഐസക്. വിലയില്ലായ്മയില്‍ നട്ടം തിരിയുന്ന റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുകയാണ് സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം. 150 രൂപയില്‍ നിന്നും 170 രൂപയായാണ് തുക വര്‍ധിപ്പിച്ചത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎം മാണി ധനകാര്യമന്ത്രിയായിരിക്കെയാണ് റബറിന് തറവില ഉറപ്പാക്കാന്‍ റബര്‍ വില സ്ഥിരതാ പദ്ധതി തുടങ്ങിയത്. 150 രൂപയായിരുന്ന സ്‌കീം 200 രൂപയാക്കി ഉയര്‍ത്തണമെന്നത് എക്കാലവും റബര്‍ കര്‍ഷകരുടെ ആവശ്യമായിരുന്നു.

അന്നു യുഡിഎഫില്‍ പലരുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് കെ എം മാണി വിലസ്ഥിരതാ പദ്ധതി പ്രഖ്യാപിച്ചത്. ഇത്തവണ മുന്നണി വിട്ട് ഇടതുപക്ഷത്തേക്ക് പോയപ്പോഴും ജോസ് കെ മാണി ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് വിലസ്ഥിരതാ പദ്ധതിയില്‍ തുക ഉയര്‍ത്തണമെന്നായിരുന്നു.

ബജറ്റില്‍ തുക വര്‍ധിപ്പിച്ചതിനു പിന്നാലെ ജോസ് കെ മാണി സര്‍ക്കാരിനെ അഭിനന്ദിച്ചു രംഗത്തു വന്നിരുന്നു.

ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ മാണി സാര്‍ ആവിഷ്‌ക്കരിച്ച റബ്ബര്‍ വിലസ്ഥിരതാ പദ്ധതി 150 രൂപയില്‍ നിന്നും വര്‍ധിപ്പിക്കണമെന്ന കേരള കോണ്‍ഗ്രസ് എം ന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് 170 രൂപയായി ഉയര്‍ത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായി നിലനില്‍ക്കാന്‍ ഈ സര്‍ക്കാരിന് സാധിക്കുന്നു. പാര്‍ട്ടി മുന്നോട്ട് വെച്ച നെല്ലിന്റെയും തേങ്ങയുടേയും സംഭരണവില വര്‍ധിപ്പിക്കുക എന്ന ആവശ്യവും അനുഭാവപൂര്‍ണ്ണം പരിഗണിച്ച സര്‍ക്കാരിന് അഭിനന്ദനങ്ങള്‍.

×