ജോസ് കെ മാണിയെ പുറത്താക്കിയ യുഡിഎഫ് നീക്കം ഭാവിയിൽ കേരളത്തിൽ തങ്ങൾക്കും ഗുണം ചെയ്തേക്കാമെന്ന വിലയിരുത്തലിൽ ബിജെപിയും

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, July 5, 2020

കോട്ടയം : കേരള കോൺഗ്രസ് (എം) ജോസ് പക്ഷം യു ഡി എഫിന് പുറത്തായ രാഷ്ട്രീയ നീക്കം എൽഡിഎഫിനൊപ്പം ഭാവിയിൽ കേരളത്തിൽ തങ്ങൾക്കും നേട്ടമാകുമെന്ന വിലയിരുത്തലുമായി ബി ജെ പിയും.

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതിൽ യുഡിഎഫിൽ പൊട്ടിത്തെറി തുടരുമ്പോൾ സി പി എം നേത്യത്വം ഏത് വിധേനയും ജോസ് വിഭാഗത്തെ ഒപ്പം കൂട്ടാനുള്ള പ്രയത്നത്തിലാണ് . കേരളാ കോൺഗ്രസ് മുൻപത്തേതുപോലെ വീണ്ടും യു ഡി എഫിലേയ്ക്ക് മടങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിനുള്ള പ്രോത്സാഹനം സിപിഎം ജോസ് കെ മാണിക്ക് നൽകുന്നുമുണ്ട്.

ജോസ് വിഭാഗം എൽ ഡി എഫിൽ വന്നാൽ കോട്ടയം ,ഇടുക്കി, പത്തനംതിട്ട, എറണാകുളം, പിന്നെ കാസർഗോഡ് മുതലുള്ള മലയോര മേഖലകളിലെ ഇരിക്കൂർ, പേരാവൂർ, കാഞ്ഞങ്ങാട്, പിന്നെ ലീഗിൻ്റെ തിരുവമ്പാടി പോലെ മലയോര മേഖലകൾ ഉൾക്കൊള്ളുന്ന മണ്ഡലങ്ങളിലെല്ലാം വ്യക്തമായ ആധിപത്യം നേടി വിജയിച്ച് ഭരണ തുടർച്ച ഉറപ്പാക്കാം എന്നാണ് എൽ ഡി എഫ് കണക്ക് കൂട്ടൽ . നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടെ 27 മണ്ഡലങ്ങളിൽ ജോസ് കെ മാണി വിഭാഗത്തിൻ്റെ പിന്തുണ തുണയാകുമെന്നാണ് കണക്ക് കൂട്ടൽ.

സി പി ഐ യുടെ എതിർപ്പ് ആശയപരമല്ലെന്നും തങ്ങളുടെ സീറ്റു വിഹിതത്തിൽ നഷ്ടം ഉണ്ടാകുമോ എന്ന ഭയത്തിൽ നിന്നാണെന്നുമാണ് സിപിഎം വിലയിരുത്തുന്നത് . ഇതിനായി 1977 ലെ തിരഞ്ഞെടുപ്പാണ് സിപിഎം അടിസ്ഥാനമായി കാണുന്നത്. അന്ന് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ കേരളാ കോൺഗ്രസ് മാണിവിഭാഗത്തിൻ്റെ സ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ചത് സ്കറിയാ തോമസ് ആയിരുന്നു.

അന്ന് സി പി ഐ യും കോൺഗ്രസും കേരളാ കോൺഗ്രസും ഒരു മുന്നണിയിലായിരുന്നു. സി പി എം അന്ന് എതിർ ചേരിയിൽ ആയിരുന്നു. അന്നില്ലാത്ത എതിർപ്പ് ഇന്നെന്തിനാണ് എന്ന ചോദ്യത്തിന് സി പി ഐക്ക് ഉത്തരമില്ല താനും. അതിനിടെ സമീപകാലത്ത് നടന്ന കാനം – രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് കാനത്തിന്റെ നിലപാടുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും സിപിഎം സംശയിക്കുന്നുണ്ട്.

എങ്കിലും സി പി ഐയുടെ എതിർപ്പ് ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയും എന്ന് തന്നെയാണ് സിപിഎം കാണുന്നത്. അങ്ങനെ വന്നാൽ പിണറായി വിജയന് തുടർ ഭരണം ഉറപ്പാകും എന്നവർ കണക്കു കൂട്ടുന്നു .

എന്നാൽ എൽ ഡി എഫ് ഘടകകക്ഷി എന്ന നിലയിലല്ലാതെ മുന്നണി പ്രവേശനത്തിന് ജോസ് പക്ഷവും ഒരുക്കമല്ല . ഈ നീക്കത്തിൽ ബിജെപിയുടെ കണ്ണ് സിപിഎം തുടർഭരണത്തിലാണ് . സസ്ഥാനത്ത് ആദ്യമായി പിണറായി വിജയന് തുടർഭരണം ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ യു ഡി എഫ് തകർന്നടിയും. അടുത്ത നിയമസഭയിലും ഭരണമില്ലെങ്കിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് തന്നെയുണ്ടാവാനാണ് സാധ്യത.

ശക്തരായ പല കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്ക് ചേക്കേറും . അങ്ങനെ വന്നാൽ ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയത് ഭാവിയിൽ കേരളത്തിൽ ബിജെപിയുടെ ഉദയത്തിനും യു ഡി എഫിന്റെ അസ്തമയത്തിനു നിമിത്തമാകും എന്നാണ് ബിജെപിയുടെ വിലയിരുത്തൽ .

×