നിഷ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് താന്‍ തന്നെ – തുറന്നുപറഞ്ഞ് ജോസ് കെ മാണി. ഭിന്നതകള്‍ പരിഹരിച്ചാല്‍ ജോസഫുമായി യോജിച്ചുപോകാനാകും

ന്യൂസ് ബ്യൂറോ, പാലാ
Tuesday, September 3, 2019

പാലാ  ∙ കെ.എം. മാണിയുടെ കുടുംബത്തിൽ നിന്നുള്ളയാള്‍ മത്സരിക്കേണ്ടെന്ന് തീരുമാനം എടുത്തത് താനാണെന്ന് ജോസ് കെ. മാണി എംപി. പാലായിൽ നിഷ ജോസ് കെ. മാണി മൽസരിക്കണമെന്ന് പാർട്ടിയിൽ ആവശ്യമുയർന്നിരുന്നു.

തന്റെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം കണക്കിലെടുത്ത് താൻ ഇടപെട്ടാണ് കെ.എം. മാണിയുടെ കുടുംബത്തിൽ നിന്നുള്ള വ്യക്തിയെ സ്ഥാനാർഥിയായി പരിഗണിക്കേണ്ടതില്ല എന്ന് ആവശ്യപ്പെട്ടത്.

കേരളാ കോൺഗ്രസ് പിളർന്നിട്ടില്ല. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ യുഡിഎഫിനു മുന്നിലുണ്ട്. അതു പരിഹരിച്ചാൽ ഒരുമിച്ചു മുന്നോട്ടു പോകാനാകും. യുഡിഎഫ് നേതാക്കൾ ഒരുമിച്ചാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥിക്കു ചിഹ്നം ലഭിക്കുന്നതിനു യുഡിഎഫ് നേതാക്കൾ ആവശ്യമായ നടപടികൾ സ്വീകരിക്കും.

പി.ജെ. ജോസഫ് സ്വീകരിക്കുന്ന നിലപാടിനു പിന്നിൽ എന്താണെന്ന് അറിയില്ല. നിഷ സാമൂഹിക പ്രവർത്തനം നടത്തുന്നത് രാഷ്ട്രീയവുമായി ബന്ധപ്പെടുത്തേണ്ടതില്ല. ജനങ്ങളുടെ ഹൃദയം യുഡിഎഫിനൊപ്പമാണ്. ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർഥിയാണ് ജോസ് ടോം എന്നും ജോസ് കെ.മാണി പറഞ്ഞു.

×