Advertisment

മാണിയുടെ കൈപിടിച്ച് യുഡിഎഫില്‍ വലിഞ്ഞുകയറി വന്നു ! ഒടുവില്‍ യുഡിഎഫിന്‍റെ അന്തകനായി പിജെ ജോസഫ് ? ജോസഫിന്‍റെ പിടിവാശി കോണ്‍ഗ്രസിനുണ്ടാക്കിയ നഷ്ടങ്ങള്‍ ഇങ്ങനെ !

New Update

publive-image

Advertisment

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകാതെ പോയ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ അന്തകനായത് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ്.

ജോസഫിന്‍റെ ഒറ്റ പിടിവാശികൊണ്ടു മാത്രമാണ് മൂന്നു മാസം മാത്രം കാലാവധിയുള്ള ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ കാരണം പറഞ്ഞ് ജോസ് കെ മാണിയെ മുന്നണിയില്‍ നിന്നും പുറത്താക്കിയത്. മധ്യ കേരളത്തില്‍ നിര്‍ണായക സ്വാധിനമുള്ള ജോസ് കെ മാണിയുടെ പാര്‍ട്ടി പുറത്തുപോയതോടെ  യുഡിഎഫിന് രാഷ്ട്രീയമായി ശക്തിക്ഷയം സംഭവിച്ചെന്ന പ്രചരണം ശക്തമായി.

കോണ്‍ഗ്രസിന്‍റെ അണികളില്‍പോലും  ആത്മവീര്യം ചോര്‍ന്നു. നേരിയ ഭൂരിപക്ഷത്തില്‍ മാത്രം യുഡിഎഫ് വിജയിച്ചിരുന്ന 26 മണ്ഡലങ്ങളിലെങ്കിലും കേരളാ കോണ്‍ഗ്രസിന്‍റെ അഭാവം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു.

കോട്ടയം ജില്ലയില്‍ 500 പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത ജോസഫ് ഗ്രൂപ്പിനുവേണ്ടി ജോസ് കെ മാണിയെ പുറത്താക്കിയ നടപടിയാണ് മധ്യകേരളത്തില്‍ പ്രത്യേകിച്ചും തിരിച്ചടിയായത്.

കോട്ടയത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33.80 ശതമാനം മാത്രം വോട്ട് വിഹിതം ഉണ്ടായിരുന്ന ഇടതു മുന്നണി ഇത്തവണ അവരുടെ വോട്ടുവിഹിതം 43.70 ശതമാനമായി ഉയര്‍ത്തി. 10 ശതമാനം വര്‍ധനവ്. കോട്ടയത്തെ ഇടതുപക്ഷത്തിന്‍റെ റിക്കോര്‍ഡ് വോട്ട് വിഹിതമാണിത്.

ഇടുക്കിയില്‍ കഴിഞ്ഞ തവണ 40.75 ശതമാനമായിരുന്ന വോട്ട് വിഹിതം 47.96 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫിന്‍റെ കോട്ടകളിലാണ് ഈ ചോര്‍ച്ച. മലബാറിലടക്കം ജോസിന് 5000 മുതല്‍ 10000 വോട്ടുകളുള്ള ഡസനിലേറെ മണ്ഡലങ്ങളുണ്ട്. പല മണ്ഡലങ്ങളിലും യുഡിഎഫിനെ തോല്‍പിക്കാന്‍ ഈ വോട്ടുകള്‍ ധാരാളമായിരുന്നു.

ഈ സാഹചര്യത്തിലേയ്ക്ക് യുഡിഎഫിനെ തള്ളിവിട്ടത് പിജെ ജോസഫായിരുന്നു. ജോസിനെ പുറത്താക്കിയാല്‍ പാര്‍ട്ടി കൈപ്പിടിയിലൊതുങ്ങുമെന്നാണ് ജോസഫ് കരുതിയത്. പക്ഷേ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ജോസ് കെ മാണിക്കൊപ്പം പോയി. ജോസഫിന് തൊടുപുഴയില്‍ പോലും പ്രവര്‍ത്തകരെ കൂടെ നിര്‍ത്താനായില്ല.

സ്വന്തം നഗരസഭയില്‍ പോലും 3 കൗണ്‍സിലര്‍മാരെ തികച്ച് വിജയിപ്പിക്കാന്‍ കഴിയാതിരുന്ന നേതാവാണ് ജോസഫ്. ആ ജോസഫിനുവേണ്ടി ജോസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതിന് കോണ്‍ഗ്രസ് കൊടുത്ത വിലയാണ് തെരഞ്ഞെടുപ്പ് പരാജയം.

ജോസഫിന്‍റെ യഥാര്‍ഥ സ്ഥിതി മനസിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 10 സീറ്റുകള്‍ പിടിച്ചുവാങ്ങിയിട്ടും കഴിഞ്ഞ തവണയുണ്ടായിരുന്ന 2 ല്‍ നിന്നും സീറ്റ് ഉയര്‍ത്താന്‍ ജോസഫിന് കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസിനെ വെല്ലുവിളിച്ചായിരുന്നു ജോസഫ് സീറ്റുകള്‍ തട്ടിപ്പറിച്ചെടുത്തത്.

ഫലത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്തിയിട്ട് വീണ്ടും കോണ്‍ഗ്രസിന്‍റെ ചിലവില്‍ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ തരപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു ജോസഫ്.

രണ്ട് പതിറ്റാണ്ടുകള്‍ ഇടതുമുന്നണിയുടെ ഭാഗമായിരുന്നിട്ട് കെഎം മാണിയുടെ കൈപിടിച്ചാണ് പിന്‍വാതിലിലൂടെ ജോസഫ് യുഡിഎഫിലത്തെയത്. മാണിയുടെ മരണശേഷം പാര്‍ട്ടി പിടിച്ചടക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്ക് മുന്നണി നേതൃത്വത്തില്‍ ചിലരെ കരുക്കളാക്കിയതോടെ ജോസഫിന്‍റെയും മുന്നണിയുടെയും കഥ കഴിയുകയും ചെയ്തു.

മുന്നണിയില്‍ വലിഞ്ഞുകയറിവന്ന ജോസഫ് ഒടുവില്‍ യുഡിഎഫിന്‍റെ അന്തകനായി മാറി. ഇപ്പോള്‍ 4 എംഎല്‍എമാരില്ലാത്തതിനാല്‍ സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരമില്ലാതായ ജോസഫ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മകനെ മത്സരിപ്പിച്ച് കോണ്‍ഗ്രസിന്‍റെ ചലവില്‍ വിജയിപ്പിച്ചെടുക്കാനാണ് നീക്കം. 2 എംഎല്‍എമാര്‍ മാത്രമാണെങ്കിലും ഒരു എംപി ഉണ്ടെങ്കില്‍ പാര്‍ട്ടിക്ക് ഇലക്ഷന്‍ കമ്മീഷന്‍ അംഗീകാരം ലഭിക്കും.

 

trivandrum news
Advertisment