/sathyam/media/post_attachments/pnBvw2o9fdXwjAV8E5Jr.jpg)
കൊച്ചി: നിയമസഭയില്‍ കെ കെ രമയ്ക്ക് കൂട്ടായി പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് വരണമെന്ന ആഗ്രഹം പരസ്യമായി പങ്കുവെച്ച കലാകാരനാണ് സംവിധായകന്‍ ജോയ് മാത്യു. തെരഞ്ഞെടുപ്പു വേളയില്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്
ജോയ് മാത്യു ഫേസ്‌ബുക്കില്‍ കുറിച്ച് ഇങ്ങനെയായിരുന്നു:
രക്തസാക്ഷികളുടെ ഭാര്യമാര്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയത്. 'വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടേറ്റു വീണ യോദ്ധാവിന്റെ ഭാര്യ രമയ്ക്ക് കരുത്തേകാന്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്'' എന്നാണ് ജോയ് മാത്യു എഴുതിയത് . പുതിയ സാഹചര്യത്തില്‍ ഉമ തോമസിന്റെ വിജയം യു.ഡി.എഫിനൊപ്പം ആര്‍.എംപി.ഐയും വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
ഭര്‍ത്താക്കന്മാരുടെ വിയോഗം തീര്‍ത്ത വേദനയില്‍നിന്നു രാഷ്ട്രീയത്തിന്റെ അനിശ്ചിതത്വത്തിലേക്ക് ഇറങ്ങിയവരാണ് ഉമയും രമയും. ഭര്‍ത്താക്കന്മാരുടെ രാഷ്ട്രീയ വിജയത്തിനായി വീടിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു മാറി നിന്നവര്‍ പിന്നീട് ആ വിയോഗം തീര്‍ത്ത ദുഃഖത്തെയും മറികടന്നു ജനസേവകരാകുന്നു. ഭര്‍ത്താക്കന്മാര്‍ നിര്‍ത്തിയിടത്തു നിന്നു തുടങ്ങാന്‍.
എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യങ്ങള്‍ കൊണ്ടും രമയും ഉമയും പരസ്പരം ചേര്‍ന്നു നില്‍ക്കുന്നവരാണ്. ടിപിയുടെ സ്വന്തം രമയും പി.ടിയുടെ സ്വന്തം ഉമയും ഇനി നിയമസഭയില്‍. മഹാരാജാസ് കോളജിലെ പഠന കാലത്ത് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവില്‍ നിന്നാണ് ഉമ രാഷ്ട്രീയം തുടങ്ങുന്നത്. അന്ന് കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി.തോമസ്. പി.ടിയുടെ ജീവിതസഖിയായതോടെ മുഴുവന്‍ സമയ രാഷ്ട്രീയത്തിനായി പി.ടിയെ വിട്ടുകൊടുത്ത് ഉമ വീട്ടുകാര്യം നോക്കി.
എസ്‌എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരായിരുന്നു രമയും ടി.പി.ചന്ദ്രശേഖരനും. ഇരുവരുടെയും ബന്ധം വളരുന്നത് പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയിലും. ഒടുവില്‍ പാര്‍ട്ടിയുടെ ആശിര്‍വാദത്തോടെ വിവാഹം. എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന രമ, ടിപിയുമായുള്ള വിവാഹത്തിനു ശേഷം സജീവ രാഷ്ട്രീയത്തില്‍നിന്നു മാറി നിന്നു. ഒടുവില്‍ ടി.പി.ചന്ദ്രശേഖരന്‍ എന്ന ധീരനേതാവ് കൊല്ലപ്പെട്ടപ്പോള്‍ ആ വേദനയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റത് രമ എന്ന പഴയ തീപ്പൊരിയായിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ ആര്‍എംപിയുടെ എംഎല്‍എയായി വടകരയില്‍നിന്ന് രമ തിരഞ്ഞെടുക്കപ്പെട്ടു. നിലപാടില്‍ ഉറച്ച രണ്ടു വ്യക്തിത്വങ്ങളുടെ ആശയങ്ങള്‍ അവരുടെ ജീവിതസഖിമാരിലൂടെ ഇനിയും കേരളമണ്ണില്‍ മുഴങ്ങുമെന്നു പ്രതീക്ഷിക്കാം.
രാഷ്ട്രീയ നേതൃത്വത്തിന്റെ കണക്കുകള്‍ പോലും അസ്ഥാനത്താക്കി ഉമതോമസ് തൃക്കാക്കര സ്വന്തമാക്കുമ്ബോള്‍,കേരള നിയമസഭയിലുള്‍പ്പെടെ വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. പ്രതിപക്ഷ നിരയില്‍ ആര്‍.എംപി.ഐ നേതാവ് കെ.കെ. രമയ്‌ക്കൊപ്പം ഇനി ഉമ തോമസുണ്ടാകും. പ്രതിപക്ഷ നിരയിലെ ഏക സ്ത്രീ സാന്നിധ്യമായിരുന്നു കെ.കെ. രമ. ഉമ തോമസ് വിജയിക്കുന്നതോടെ നിയമസഭയില്‍ ആര്‍.എംപി.ഐ നേതാവ് കെ.കെ. രമക്കൊപ്പം പ്രതിപക്ഷ നിരയില്‍ ഉമതോമസ് ഉണ്ടാവുമോ എന്ന ചോദ്യത്തിനു ഉത്തരം ലഭിച്ചിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us