ന്യൂഡല്‍ഹി : സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി ജഡ്ജി ദീപക് ഗുപ്ത. പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് തിരിയാത്ത പക്ഷം അടിച്ചൊതുക്കാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/Hs6Yp4mblxT9ueXFClBE.jpg)
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടക്കുന്ന നടപടികളെ സൂചിപ്പിച്ചാണ് ദീപക് ഗുപ്തയുടെ പ്രതികരണം. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ജനാധിപത്യവും വിയോജിപ്പും' എന്ന വിഷയത്തില്‍ സംസാരിക്കരുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ എന്നും ശരിയായിരിക്കണമെന്നില്ല. എല്ലാവര്‍ക്കും തെറ്റുകള്‍ സംഭവിക്കാറുണ്ട്. അക്രമത്തിലേക്ക് തിരിയാത്ത പ്രതിഷേധങ്ങളെ ഞെരിച്ചമര്‍ത്താന്‍ സര്‍ക്കാരിന് അവകാശമില്ല. എതിര്‍പ്പുകളെ രേഖപ്പെടുത്താനുള്ള അവസരമില്ലാതെ പോവുന്നത് ജനാധിപത്യത്തെ സാരമായി ബാധിക്കുമെന്നും ദീപക് ഗുപ്ത പറഞ്ഞു. സര്‍ക്കാരും രാജ്യവും വ്യത്യസ്തമാണ്. ഒരുപാര്‍ട്ടിക്ക് 51 ശതമാനം വോട്ട് ലഭിച്ചുവെന്നതുകൊണ്ട് 49 ശതമാനം ആളുകള്‍ അടുത്ത അഞ്ച് വര്‍ഷം നിശബ്ദരായിരിക്കണം എന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി..