സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒളിയമ്പെയ്ത് കെ മുരളീധരന്‍. ഒരിക്കലും താന്‍ കേരളത്തിലേക്ക് മടങ്ങരുതെന്നാഗ്രഹിക്കുന്ന നേതാക്കളുണ്ട്. ലോക്‌സഭാംഗത്വം രാജി വച്ച് നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും കെ മുരളീധരന്‍. വിഴുപ്പലക്കി വിജയസാധ്യത കളയരുതെന്നും കെ മുരളീധരന്റെ മുന്നറിയിപ്പ്

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, September 29, 2020

കൊച്ചി: എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കെ മുരളീധരന്‍ എംപി. വലിയ ഭൂരിപക്ഷത്തോടെയാണ് തന്നെ വടകരയിലെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്നും അതുവിട്ട് നിലവില്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് കെ മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വടകരയില്‍ കെപി ഉണ്ണികൃഷ്ണനുപോലും ലഭിച്ചത് നേരിയ ഭൂരിപക്ഷമാണ്. എന്നാല്‍ തനിക്ക് 85000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ആ ജനങ്ങളെ ഉപേക്ഷിച്ചു പോകാന്‍ താല്‍പര്യമില്ല.

താന്‍ കേരളത്തിലേക്ക് തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്ന ചില നേതാക്കളും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ കെ കരുണാകരന് മാള എന്നതുപോലെയാണ് തനിക്ക് വട്ടിയൂര്‍ക്കാവ്. ആ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തന്റെ സാന്നിധ്യമുണ്ടാവുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവിലെ ഒരോ മുക്കും മൂലയും തനിക്കറിയാം. അവിടനിന്നും തനിക്കിഷ്ടമുണ്ടായിട്ടല്ല ലക്‌സഭയിലേക്ക് പോയത്. പാര്‍ട്ടി തീരുമാനിച്ച് അയച്ചതാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചത് പാര്‍ലമെന്റില്‍ സജീവ സാന്നിധ്യമുറപ്പിക്കാനാണ്. അതില്‍ വിവാദമുണ്ടാക്കേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞുവയ്ക്കുന്നു.

സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ തന്റെ അതൃപ്തി അദ്ദേഹം പറയാതെ പറഞ്ഞുവയ്ക്കുന്നുണ്ട്. ആരെ നിര്‍ത്തിയാലും ജനം വോട്ടുചെയ്യുമെന്ന കാലം കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവും.

വിഴുപ്പലക്കി കോണ്‍ഗ്രസിന്റെ വിജയ സാധ്യത കളയരുതെന്നും കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

×