കെ ഫോൺ പദ്ധതി ഈ വർഷം ഡിസംബറിൽ തന്നെ പ്രാവർത്തികമാകുമെന്ന് മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, May 29, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയായ കെ ഫോണ്‍ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1500 കോടി രൂപയാണ് പദ്ധതി ചെലവ്. ലോക്ക്ഡൗണ്‍ മൂലം രണ്ട് മാസമായി പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയാണ്.

ഇന്റര്‍നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് നമ്മുടേതെന്നും ഇതിന്റെ ഭാഗമായാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ഉറപ്പാക്കാനായി കെ ഫോണ്‍ പദ്ധതി ആവിഷ്‌കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിഇഎൽ, റെയിൽടെൽ എന്നീ പൊതുമേഖലാ കമ്പനികളും എസ്ആർഐടി, എൽഎസ് കേബിൾസ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേർന്നതാണ് ഈ കൺസോർഷ്യം. കൺസോർഷ്യത്തിൽ ഉൾപ്പെടുന്ന കമ്പനികളുടെ മേധാവികളുമായി വീഡിയോ കോൺഫറൻസ് നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തി.

ഈ വർഷം ഡിസംബറിൽ തന്നെ പദ്ധതി പൂർത്തിയാക്കാമെന്ന് കൺസോർഷ്യം ലീഡറായി ബിഇഎൽ ചെയർമാൻ എംവി ഗൗതം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

×