അട്ടപ്പാടിക്കായി മാസ്റ്റര്‍ പ്ലാന്‍ വേണം, കോളനിയിലെ യുവാക്കളും കുട്ടികളും മദ്യത്തിന് അടിമകളായി നശിക്കുന്നു. ലഹരിമരുന്നടങ്ങിയ സ്റ്റിക്കര്‍ നാവിനടിയില്‍ വച്ച് ഭക്ഷണം കഴിക്കാതെ നടക്കുന്നവരുണ്ട്; വകുപ്പുകളുടെ ഏകോപനത്തിന് നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍

New Update

തിരുവനന്തപുരം: അട്ടപ്പാടിക്കായി മാസ്റ്റര്‍ പ്ലാന്‍ വേണമെന്നും വകുപ്പുകളുടെ ഏകോപനത്തിന് നോഡല്‍ ഓഫിസറെ നിയമിക്കണമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ . വ്യാജ മദ്യമൊഴുകുന്നത് തടയാന്‍ നടപടിവേണം. അംഗന്‍വാടികളുടെ സ്ഥിതി മെച്ചപ്പെടുത്തണമെന്നും നവജാത ശിശുമരണത്തെ തുടര്‍ന്ന് അട്ടപ്പാടി സന്ദര്‍ശിച്ച ശേഷം മന്ത്രി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

Advertisment

publive-image

നാലുദിവസത്തിനിടെ അട്ടപ്പാടിയില്‍ അഞ്ച് ശിശുമരണം നടന്നതിനെ തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിച്ച് മന്ത്രി കെ.രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നല്‍കിയത്. അട്ടപ്പാടിയുടെ ദുരവസ്ഥ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ വേണം എന്ന് റിപ്പോര്‍ട്ടിലുണ്ട്.

വിവിധ വകുപ്പുകള്‍ അട്ടപ്പാടിയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഏകോപനവും നിരീക്ഷണവുമില്ലാത്തത് പ്രശ്നമാണ്. ഇത് പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിക്കണം.

മൂന്നുമാസം തോറും വകുപ്പുകളുടെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുകയും വേണം. മദ്യനിരോധിത മേഖലയായ അട്ടപ്പാടിയില്‍ വ്യാജമദ്യം സുലഭമാണെന്നും മന്ത്രിയുടെ റിപ്പോര്‍ട്ടിലുണ്ട്. കോളനിയിലെ യുവാക്കളും കുട്ടികളും മദ്യത്തിന് അടിമകളായി നശിക്കുന്നു. ലഹരിമരുന്നടങ്ങിയ സ്റ്റിക്കര്‍ നാവിനടിയില്‍ വച്ച് ഭക്ഷണം കഴിക്കാതെ നടക്കുന്നവരുണ്ട്.

ബോധവല്‍ക്കരണവും ഫലപ്രദമായ ഇടപെടലും ഇക്കാര്യത്തില്‍ ആവശ്യമാണ്. അംഗന്‍വാടികളുടെ സ്ഥിതി മെച്ചപ്പെടുത്തണം. ആശുപത്രികളില്‍ ആധുനിക സൗകര്യം വേണം. ചികിത്സയ്ക്കായി എത്തുന്നവരെ മറ്റാശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സ്ഥിതി മാറണം.

ആശുപത്രിയില്‍ എത്തുന്ന എണ്‍പതുശതമാനം പേരെയെങ്കിലും അട്ടപ്പാടിയില്‍ തന്നെ ചികിത്സിക്കാനാവണം. അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാരെ കണ്ടെത്തി അവരുടെ സേവനം പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസയോഗ്യതക്കനുസരിച്ച് മാസവരുമാനം ലഭിക്കുന്ന തൊഴില്‍ ഉറപ്പുവരുത്തണമെന്നും മന്ത്രിയുടെ റിപ്പോര്‍ട്ടിലുണ്ട്.

Advertisment