സില്‍വര്‍ലൈനില്‍ അനിശ്ചിതത്വം: 9 ജില്ലകളില്‍ സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു, എവിടെയുമെത്താതെ ജിയോ മാപ്പിങ്ങ്, കേന്ദ്രാനുമതിയില്ലെന്ന് വീണ്ടും റെയില്‍വേ

author-image
Charlie
New Update

publive-image

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ വീണ്ടും അനിശ്ചിതത്വം. പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയ കാലാവധി ഒമ്ബത് ജില്ലകളില്‍ അവസാനിച്ചു. പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ കാലാവധി തീര്‍ന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. സാമൂഹികാഘാത പഠനം തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ പുതുക്കിയ വിജ്ഞാപനം ഇറക്കിയിട്ടുമില്ല. വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച കല്ലിടലിനു പകരം നിര്‍ദേശിക്കപ്പെട്ട ജിയോ മാപ്പിങ്ങും എവിടെയുമെത്തിയിട്ടില്ല. വിജ്ഞാപനം ഉടന്‍ പുതുക്കി ഇറക്കുമെന്നാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്.

Advertisment

ഇതിനിടെ കെ റെയിലിനെ തള്ളി കേന്ദ്രസര്‍ക്കാര്‍ വീണ്ടും കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കെ റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേയ്ക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചെലവഴിച്ചാല്‍ ഉത്തരവാദിത്തം കെ റെയിലിനുമാത്രമായിരിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാത പഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയില്‍വേക്ക് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കെ റെയിലിന് വേണ്ടി സാമൂഹികാഘാത പഠനം നടത്തുന്നതിനായി സര്‍വ്വേ നടത്തുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീടും സര്‍ക്കാര്‍ തുരുന്നത് സംബന്ധിച്ച്‌ വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കെ റെയില്‍ കോര്‍പ്പറേഷനില്‍ റെയില്‍വേയ്ക്ക് ഓഹരി പങ്കാളിത്തം ഉണ്ടെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാറില്ല. ഈ സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ അതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച്‌ നല്‍കിയ കാലാവധി അവസാനിച്ചിട്ടും വവിധ ജില്ലകളില്‍ സര്‍വ്വേ പൂര്‍ത്തിയായിട്ടില്ല. പ്രതിഷേധങ്ങളുടെ കൂടി സാഹചര്യത്തില്‍ കല്ലിടലിന് പകരം ജിയോ മാപ്പിങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അതും പൂര്‍ത്തിയായിട്ടില്ല.

Advertisment