മോള്‍ മരിച്ചതിനുശേഷം ഞാന്‍ ദൈവത്തോട് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം, ”എന്നോട് എന്തിനു ഇതു ചെയ്തു’ ?; കെഎസ് ചിത്ര പറയുന്നു

ഫിലിം ഡസ്ക്
Sunday, January 19, 2020

 മലയാളത്തിന്റെ പ്രിയ ഗായിക കെഎസ് ചിത്ര മകളുടെ മരണശേഷം താന്‍ അനുഭവിച്ച മനോവേദനകള്‍ തുറന്നു പറയുന്നു

ചിത്രയുടെ വാക്കുകളിലൂടെ

മോളില്ലാതായ ശേഷം കുറേനാള്‍ അമ്ബലത്തില്‍ പോയില്ല, പ്രാര്‍ഥിക്കാന്‍ ഒന്നുമില്ലായിരുന്നു . ‘ഞാനിത്രയ്ക്ക് സഹനമുള്ള ആളായിരുന്നില്ല. മോള്‍ മരിച്ചതിനുശേഷം ഞാന്‍ ദൈവത്തോട് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം ”എന്നോട് എന്തിനു ഇതു ചെയ്തു’ എന്നു തന്നെയാണ്. കുറേ നാളുകള്‍ ഞാന്‍ അമ്ബലത്തിലേക്കൊന്നും പോയില്ല. പ്രാര്‍ഥിക്കാനെനിക്ക് ഒന്നുമില്ലായിരുന്നു.

ഏറ്റവും വലിയ ആനന്ദമായ സംഗീതത്തോടു പോലും മുഖം തിരിച്ചു. ഇനിയൊന്നുമില്ല എന്നുറപ്പിച്ച്‌ ഞാന്‍ ഇരുട്ടിലടച്ചിരിക്കുമ്ബോള്‍ ചുറ്റുമുള്ളവരുടെ ജീവിതം കൂടെ ഇരുട്ടിലാകുകയായിരുന്നു. എന്റെ പ്രഫഷനു വേണ്ടി ജോലി വേണ്ടെന്നു വച്ച വിജയേട്ടന്‍, വര്‍ഷങ്ങളായി ഒപ്പമുള്ള സ്റ്റാഫ്…

ഞാന്‍ സങ്കടം ഉള്ളിലൊതുക്കിയാല്‍ ഇവരുടെയെല്ലാം ജീവിതത്തില്‍ പ്രകാശം പരക്കും. ആ സമയം ഈശ്വരന്‍ എത്രയോ ദൂതന്‍മാരെ എന്റെ അടുക്കലേക്കയച്ചു. സങ്കടങ്ങള്‍ക്കു കരുതലുമായി വന്നവര്‍ എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരായിരുന്നില്ല, ദൈവം തന്നെയായിരുന്നു.

അതില്‍ ക്രിസ്ത്യാനിയും മുസ്‌ലിമും ഹിന്ദുവുമുണ്ടായിരുന്നു. എത്ര പേരുടെ പ്രാര്‍ഥനയാലാണ് ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അവരൊക്കെ പറഞ്ഞു തന്ന വലിയൊരു കാര്യമുണ്ട്. ‘നടക്കേണ്ടത് നടക്കും. സങ്കടപ്പെടാതെ എഴുന്നേറ്റു നടക്കൂ.’ അതു മനസ്സിലാക്കാനുള്ള ബുദ്ധി തന്നതാണ് ഏറ്റവും വലിയ ഭഗവല്‍ കൃപ .

×