Advertisment

വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയപ്പോള്‍ കേന്ദ്രം പറഞ്ഞ തലമുറമാറ്റം സുധാകരന്‍റെ കാര്യത്തില്‍ അവകാശപ്പെടാനാവില്ലെങ്കിലും നേതൃമാറ്റം നേതൃമാറ്റം തന്നെയാണ്. അതിന് അതിന്‍റേതായ പ്രസക്തിയുമുണ്ട്, അതുകൊണ്ടുതന്നെ സുധാകരന്‍റെ നിയമനത്തിനു പരക്കെ അംഗീകാരം കിട്ടിയിരിക്കുന്നു; ഇനി കോണ്‍ഗ്രസിന് സുധാകരന്‍റെ ശക്തിയും ശബ്ദവും ! സുധാകരനു ശത്രു കുമ്പക്കുടി സുധാകരന്‍ മാത്രം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്ജ് എഴുതുന്നു

New Update

publive-image

Advertisment

ണ്ണൂരിന്‍റെ പുലിക്കുട്ടിയെന്നാണ് സുധാകരന്‍റെ വത്സല ശിഷ്യഗണങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സിപിഎമ്മിന്‍റെ ചുവപ്പു കോട്ടയായ കണ്ണൂരില്‍ കോണ്‍ഗ്രസുകാരുടെ സംരക്ഷകനെന്ന നിലയ്ക്ക് പേരെടുത്ത എടയ്ക്കാട്ട് നടാല്‍ സ്വദേശി കുമ്പക്കുടി സുധാകരന്‍. 73 -ാം വയസിലും കൃത്യമായ വ്യായാമത്തിലൂടെയും ക്രമമായ ഭക്ഷണ രീതീയിലൂടെയും മെരുക്കിയെടുത്ത പേശീബലമുള്ള ഉറച്ച ശരീരം. പ്രസംഗ വേദികളില്‍ തീ തുപ്പുന്ന സുധാകരന്‍. അണികളെ ആവേശഭരിതരാക്കാന്‍ പോരുന്ന പ്രസംഗവും ശരീര ഭാഷയും നിലപാടുകളും എല്ലാം കണ്ണൂര്‍ രാഷ്ട്രീയത്തിന്‍റെ മൂശയില്‍ രൂപംകൊണ്ട കെ എസ് എന്ന കെ സുധാകരന്‍. കണ്ണൂരിന്‍റെ സ്വന്തം പോരാളി.

വീഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയപ്പോള്‍ കേന്ദ്രം പറഞ്ഞ തലമുറമാറ്റം സുധാകരന്‍റെ കാര്യത്തില്‍ അവകാശപ്പെടാനാവില്ലെങ്കിലും നേതൃമാറ്റം നേതൃമാറ്റം തന്നെയാണ്. അതിന് അതിന്‍റേതായ പ്രസക്തിയുമുണ്ട്. അതുകൊണ്ടുതന്നെ സുധാകരന്‍റെ നിയമനത്തിനു പരക്കെ അംഗീകാരം കിട്ടിയിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമെല്ലാം പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നിരിക്കുന്നു. എങ്ങും മുറുമുറുപ്പില്ല. പ്രതിഷേധവും അപ:ശബ്ദവുമില്ല. സുധാകരന്‍ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുള്ള കെപിസിസി അധ്യക്ഷന്‍, ഇനി കോണ്‍ഗ്രസിന് സുധാകരന്‍റെ ശക്തിയും ശബ്ദവും.

കേരളത്തിലെന്നല്ല, ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്. സുഭാഷ് ചന്ദ്ര ബോസും മഹാത്മാഹാന്ധിയും ജവഹര്‍ലാല്‍ നെഹൃവുമൊക്കെച്ചേര്‍ന്നു കാലങ്ങളിലൂടെ രൂപപ്പെടുത്തിയ കോണ്‍ഗ്രസാണത്. അഹിംസയുടെയും കറതീര്‍ന്ന മതേതരത്വത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും ചിന്തകളില്‍ അടിസ്ഥാനമിട്ട ശക്തമായ ഒരടിത്തറ.

കേരളത്തിലെ കോണ്‍ഗ്രസിനും അങ്ങനെയൊരു പൈതൃകമുണ്ട്. അത് മഹത്തായ ഒരു പൈതൃകം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസിന് ഇന്നും കേരളത്തില്‍ വലിയ പ്രസക്തിയുള്ളത്. ആ പ്രസക്തി കണ്ടിട്ടുതന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് കേരളത്തിലെ കോണ്‍ഗ്രസിനെ വളര്‍ച്ചയിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ പെടാപ്പാടു പെടുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും സമ്മതം മൂളാതിരുന്നിട്ടും സുധാകരനെ തന്നെ പ്രസിഡന്‍റാക്കിയത്.

കാരണം ഗ്രൂപ്പുകളെക്കൊണ്ടു കോണ്‍ഗ്രസുകാര്‍ ആകെ മടുത്തിരിക്കുന്നു. ഗ്രൂപ്പുകളുമായി ചില നേതാക്കള്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചത് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമായിരുന്നുവെന്ന് പ്രവര്‍ത്തകരൊക്കെയും മനസിലാക്കിയിരിക്കുന്നു. ഗ്രൂപ്പുകളിച്ചു കളിച്ച് നേതാക്കള്‍ സ്ഥാനമാനങ്ങളൊക്കെയും തട്ടിയെടുത്തു. കാലാകാലങ്ങളില്‍ ഒരേ നേതാക്കള്‍ തന്നെയും പിന്നെയും സ്ഥാനമാനങ്ങള്‍ കൈക്കലാക്കി. കാലം കടന്നുപോയിട്ടും  നേതാക്കളും സ്ഥാനമാനങ്ങളും മാറിയില്ല. ഒക്കെയും അവിടെത്തന്നെ നിന്നു. അവരുടെയൊക്കെ കൈയില്‍ത്തന്നെ.

അധികാര സ്ഥാനങ്ങളിലും സംഘടനാ സ്ഥാനങ്ങളിലും അതേ നേതാക്കള്‍ പിന്നെയും പിന്നെയും അമര്‍ന്നിരുന്നു. യുവാക്കള്‍ ഗ്രൂപ്പിനു വേണ്ടി പണിയെടുത്തു ജീവിതം പാഴാക്കി. തലമുറകള്‍ തന്നെ ഇങ്ങനെ കടന്നുപോയി. കോണ്‍ഗ്രസിലെ യാഥാര്‍ഥ്യം കണ്ട യുവാക്കള്‍ കോണ്‍ഗ്രസ് വിട്ടകന്നു. കഴി‍ഞ്ഞ പഞ്ചായത്ത് തെര‍ഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്നും നഗര സഭയില്‍ കോണ്‍ഗ്രസിനു കിട്ടിയത് നൂറില്‍ വെറും ഒമ്പതു സീറ്റ്. അതിന്‍റെ വലിയ തുടര്‍ച്ചയായിരുന്നു പിണറായിയുടെ ഭരണ തുടര്‍ച്ച. മോഹഭംഗം വന്ന തലമുറകള്‍ കോണ്‍ഗ്രസ് വിട്ടുപോയ കാര്യം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അറിഞ്ഞതേയില്ല. വിഡി സതീശന്‍റെ നിയമനത്തില്‍ തലമുറ മാറ്റമുണ്ടല്ലൊ എന്നു പറഞ്ഞ് ഹൈക്കമാന്‍റ് അഭിമാനം കൊള്ളുന്നു.  എല്ലാം ശരിയാക്കാന്‍ കെ സുധാകരനെ ഭാരമേല്‍പിച്ച് ഹൈക്കമാന്‍റ് കൈകഴുകി മാറി നില്‍ക്കുന്നു.

ഇനിയിപ്പോള്‍ സുധാകരന്‍റെ ഊഴം. എന്തായിരിക്കും കേരളത്തിലെ കോണ്‍ഗ്രസിനെക്കുറച്ച് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് ? എന്തായിരിക്കും കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്ക്ക് സുധാകരന്‍ മുന്നില്‍ കാണുന്ന വഴി ? താഴേതട്ടില്‍ താറുമാറായിപ്പോയ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ എന്തു മരുന്നാണ് കൈയിലുള്ളത് ?

കണ്ണൂരിന്‍റെ പുലിക്കുട്ടി വരുന്നുണ്ടേ എന്ന് സുധാകരന്‍റെ കണ്ണൂരിലെ പോരാളികള്‍ ആര്‍ത്തട്ടഹസിക്കുന്നുണ്ട്. കേരളത്തിലെങ്ങും കോണ്‍ഗ്രസുകാരില്‍ ആവേശവും പ്രതീക്ഷയും അലതല്ലുന്നുണ്ട്. ഗ്രൂപ്പുകള്‍ക്കു വിലയില്ലാതാവുന്നതും അവയൊക്കെ ശിഥിലമാവാന്‍ തുടങ്ങുന്നതും പ്രവര്‍ത്തകര്‍ സന്തോഷത്തോടെ കാണുന്നുണ്ട്. അവര്‍ക്ക് സുധാകരനില്‍ വലിയ പ്രതീക്ഷയുണ്ട്.

കെ സുധാകരന്‍ കേരളത്തിലെ കോണ്‍ഗ്രസ് അദ്ദേഹത്തിലര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷയ്ക്കൊപ്പം വളര്‍ന്നെത്തുമോ ? കണ്ണൂരിന്‍റെ കടുത്ത രാഷ്ട്രീയം പഠിപ്പിച്ച വഴിയിലൂടെയാവുമോ കോണ്‍ഗ്രസിനെ അദ്ദേഹം കൊണ്ടുപോവുക ? കേരളത്തിന്‍റെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും കോണ്‍ഗ്രസിന്‍റെ തനതു ശക്തിയും ദൗര്‍ബല്യവും ഉള്‍ക്കാമ്പും യുക്തിയും ബുദ്ധിയും തന്ത്രവുമൊക്കെ ചേര്‍ത്തൊരുക്കിയും പുതിയൊരു പന്ഥാവു വെട്ടിത്തെളിക്കുമോ ?

ഫലം എന്തായാലും ഉത്തരവാദി കെ സുധാകരന്‍ തന്നെയാവും. നല്ലതായാലും ചീത്തയായാലും. കണ്ണൂരിന്‍റെ വീര പുത്രനായി തുടരാനാണെങ്കില്‍ സുധാകരന്‍റെ ശത്രു സുധാകരന്‍ തന്നെയായിരിക്കും.

Advertisment