'ഗുജറാത്തിലെ പരാജയത്തിന് കാരണം ആപ്പും ഉവൈസിയും'; വിശദമായി വിലയിരുത്തുമെന്ന് കെ സുധാകരന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ബിജെപിയുടെ ആശിര്‍വാദത്തോടെ ആംആദ്മി പാര്‍ട്ടിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കിയതാണ് ഗുജറാത്തിലെ തിരിച്ചടിക്ക് കാരണമായി വിലയിരുത്തുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിനെ പ്രതിരോധിക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമായാണ് ഇരുപാര്‍ട്ടികളും ഗുജറാത്തില്‍ പ്രവര്‍ത്തിച്ചത്. ബിജെപിക്ക് അപ്രാപ്യമായ ന്യൂനപക്ഷ വോട്ടുകളില്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ട് അവര്‍ നേട്ടമുണ്ടാക്കുകയും മതേതര വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിയെ ഉപയോഗിക്കുകയും ചെയ്തു.

ഈ വിഷയങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദമായി വിലയിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.  കോണ്‍ഗ്രസുമായി നേര്‍ക്ക് നേര്‍ പോരാടുമ്പോള്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും രാജ്യം മാറ്റത്തിനാഗ്രഹിക്കുന്നുവെന്ന ഫലസൂചികയാണ് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയമെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ പറഞ്ഞത്: '

'ഭരണത്തിന്റെ തണലില്‍ ബിജെപി ഉയര്‍ത്തിയ വെല്ലുവിളികളെയും പ്രസിസന്ധികളെയും അതിജീവിച്ച് ഹിമാചല്‍ പ്രദേശില്‍ തിളക്കമാര്‍ന്ന വിജയം നേടിയ സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിയുന്ന വിജയമാണ് ഹിമാചല്‍ പ്രദേശിലേത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ബിജെപിക്കാണ് ജയസാധ്യത പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഉയര്‍ത്തിയ കര്‍ഷക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചയായതും കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണമായി. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടുന്നതില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടേണ്ട സാഹചര്യം കൂടിയാണിത്.''

''മതേതര വോട്ട് ഭിന്നിപ്പിച്ച് ബിജെപിക്ക് സഹായകരമായ നിലപാടാണ് ചില രാഷ്ട്രീയകക്ഷികള്‍ സ്വീകരിക്കുന്നത്. അരവിന്ദ് കെജിരിവാളിന്റെ ആപ്പും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും ബിജെപിയുടെ ചട്ടുകങ്ങളായി ഗുജറാത്തില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിനെ പ്രതിരോധിക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമായാണ് ഇരുപാര്‍ട്ടികളും ഗുജറാത്തില്‍ പ്രവര്‍ത്തിച്ചത്. ബിജെപിക്ക് അപ്രാപ്യമായ ന്യൂനപക്ഷ വോട്ടുകളില്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ട് അവര്‍ നേട്ടമുണ്ടാക്കുകയും മതേതര വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിയെ ഉപയോഗിക്കുകയും ചെയ്തു.''

''കോണ്‍ഗ്രസുമായി നേര്‍ക്ക് നേര്‍ പോരാടുമ്പോള്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. അത്തരം നിലപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന ആം ആദ്മിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തില്‍ മാത്രം ചുരുങ്ങിയ സിപിഎമ്മും സ്വീകരിക്കാറുള്ളത്. പ്രതിപക്ഷ കക്ഷികളിലെ ഐക്യമില്ലായ്മ ബിജെപിക്ക് ഗുജറാത്തില്‍ കൂടുതല്‍ ഗുണം ചെയ്തു. വര്‍ഗീയ നിലപാടുകളില്‍ ഒരുഘട്ടത്തില്‍ ബിജെപിയുടെ മിനിപതിപ്പ് പോലെയാണ് ആപ്പിന്റെ പ്രവര്‍ത്തനം. ബിജെപിയുടെ ആശിര്‍വാദത്തോടെ ആം ആദ്മി പാര്‍ട്ടിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കിയതാണ് ഗുജറാത്തിലെ തിരിച്ചടിക്ക് കാരണമായി വിലയിരുത്തുന്നത്. ഈ വിഷയങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദമായി വിലയിരുത്തും.''

Advertisment