സി.പി.എമ്മിലേപ്പോലെ ലൈംഗിക അതിക്രമങ്ങള്‍ വേറെ പാര്‍ട്ടിയില്‍ നടന്നിട്ടുണ്ടോ, സ്വപ്‌നയുടെ ആരോപണങ്ങളില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കണം: കെ. സുധാകരന്‍

New Update

publive-image

Advertisment

സ്വപ്നയുടെ ആരോപണങ്ങളില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. തെളിവുകള്‍ വച്ചുള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്. സി.പി.എമ്മിലേപ്പോലെ ലൈംഗികഅതിക്രമങ്ങള്‍ വേറെ പാര്‍ട്ടിയില്‍ നടന്നിട്ടുണ്ടോയെന്നും സി.പി.എം നേതാക്കള്‍ പ്രതികരിക്കാത്തത് എന്തെന്നും സുധാകരന്‍ ചോദിച്ചു.

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കേസില്‍ ഇന്ന് വൈകിട്ടോടെ നടപടിയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുമായി വിശദമായി ചര്‍ച്ച ചെയ്യുമെന്നും എം.എല്‍.എയുടെ വിശദീകരണമടക്കം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് എല്‍ദോസ് ഹാജരായത്. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അന്വേഷണവുമായി പൂര്‍ണമായി സഹരിക്കുമെന്നും ഫോണ്‍ ഹാജരാക്കുമെന്നും എല്‍ദോസിന്റെ അഭിഭാഷകന്‍ പറഞ്ഞു.

എല്‍ദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അഞ്ച് ലക്ഷം രൂപയുടെയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലും വിട്ടയക്കാനാണ് കോടതി ഉത്തരവ്. എംഎല്‍എയുമായി വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്താനുമാണ് പൊലീസിന്റെ തീരുമാനം. 11 ദിവസമായി ഒളിവിലായിരുന്ന എംഎല്‍എ ഇന്നലെയാണ് പെരുമ്പാവൂരിലെ വീട്ടില്‍ തിരിച്ചെത്തിയത്.

Advertisment