കേരളം

‘ജീവിച്ചിരുന്നെങ്കിൽ ശരത് ലാലിന്റെ 27–ാം പിറന്നാളാണിന്ന്. തന്റെ കുഞ്ഞുപെങ്ങളോടൊത്തു ശരത് ലാൽ പിറന്നാൾ സദ്യ കഴിക്കേണ്ടിയിരുന്ന ദിവസമാണിന്ന്. പക്ഷെ, തോരാത്ത കണ്ണീരുമായി ഏട്ടനെ കുറിച്ചുള്ള ഓർമകളിൽ കഴിയുകയാണ് ആ ചെറുപ്പക്കാരൻ്റെ പെങ്ങളും കുടുംബവും; മൂവർണ്ണക്കൊടി കൈകളിലും നെഞ്ചിലുമേറ്റിയതിൻ്റെ പേരിൽ ജീവനും ജീവിതവും നഷ്ടമായവരുടെ വിങ്ങുന്ന ഓർമകളാണ് എന്നും എന്നെ മുന്നിലേക്ക് നയിച്ചിട്ടുള്ളത്’- കെ. സുധാകരന്‍

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Thursday, September 16, 2021

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിന്റെ 27-ാം ജന്മദിനം ആണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ ശരത് ലാലിനെ അനുസ്മരിച്ചും, സിപിഎമ്മിനെതിരെ ആഞ്ഞടിച്ചും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ്…

ജീവിച്ചിരുന്നെങ്കിൽ ശരത് ലാലിന്റെ 27–ാം പിറന്നാളാണിന്ന്. തന്റെ കുഞ്ഞുപെങ്ങളോടൊത്തു ശരത് ലാൽ പിറന്നാൾ സദ്യ കഴിക്കേണ്ടിയിരുന്ന ദിവസമാണിന്ന്. പക്ഷെ, തോരാത്ത കണ്ണീരുമായി ഏട്ടനെ കുറിച്ചുള്ള ഓർമകളിൽ കഴിയുകയാണ് ആ ചെറുപ്പക്കാരൻ്റെ പെങ്ങളും കുടുംബവും.

എന്താണ് ശരത് ലാലിനെ പോലുള്ള ചെറുപ്പക്കാർ ചെയ്ത കുറ്റം? കോൺഗ്രസ്‌ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിയതോ? അതോ, കോൺഗ്രസ്‌ പതാക കൈകളിലേന്തി കല്ല്യോട്ട് സാമൂഹ്യ പ്രവർത്തനം നടത്തിയതോ?
കൊന്നിട്ടും തീരാത്ത പകയോടെ അവൻ്റെ ഓർമകളെ പോലും വേട്ടയാടുന്നുണ്ട് സിപിഎം നരാധമൻമാർ. മൂവർണ്ണക്കൊടി കൈകളിലും നെഞ്ചിലുമേറ്റിയതിൻ്റെ പേരിൽ ജീവനും ജീവിതവും നഷ്ടമായവരുടെ വിങ്ങുന്ന ഓർമകളാണ് എന്നും എന്നെ മുന്നിലേക്ക് നയിച്ചിട്ടുള്ളത്.

പിന്നിട്ട വഴികളിൽ സിപിഎം ക്രിമിനലുകൾ കൊന്നൊടുക്കിയ നമ്മുടെ കുട്ടികളുടെ പേരിൽ മൂവർണ്ണക്കൊടി വാനിലുയർന്ന് തന്നെ പറക്കണം. അവരുടെ മരിക്കാത്ത ഓർമകളും പേറി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടുതൽ കരുത്താർജ്ജിക്കണം. സിപിഎം എന്ന കൊലയാളി പാർട്ടിയോടും ആ പാർട്ടിയുടെ ആശയം മനസ്സിൽ പേറുന്നവരോടും No Compromise എന്ന് തന്നെ ഓരോ കോൺഗ്രസ് പ്രവർത്തകനും പറയണം. മരണമില്ലാത്ത ഓർമകളായി നമ്മോടൊപ്പം സഞ്ചരിക്കുന്ന ശരത് ലാലിന് ഈ ജന്മദിനത്തിൽ അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു.

×