കെ സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ് ! വിളിപ്പിച്ചത് കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കാനെന്നു സൂചന. നാളെ ഹൈക്കമാന്‍ഡുമായി ചര്‍ച്ച. മുതിര്‍ന്ന നേതാക്കള്‍ക്ക് താല്‍പര്യമില്ലാഞ്ഞിട്ടും സുധാകരന് തുണയായത് നേതൃപാടവവും സാമുദായിക പ്രാതിനിധ്യവും. പുതിയ പദവികളുടെ പ്രഖ്യാപനം ഉടന്‍. തിരുവനന്തപുരത്തും ഡല്‍ഡിയിലും തിരക്കിട്ട ചര്‍ച്ചകള്‍ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, January 19, 2021

തിരുവനന്തപുരം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ഉടന്‍ ഡല്‍ഹിയിലെത്താനാണ് നിര്‍ദേശം. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തില്‍ പുതിയ പ്രസിഡന്റായി കെ സുധാകരനെ നിയമിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കെ സുധാകരനെ വിളിപ്പിച്ചത്.

നാളെ തന്നെ സുധാകരന്‍ ഡല്‍ഹിക്ക് തിരിക്കുമെന്നാണ് സൂചന. പുതിയ പദവി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് സുധാകരനെ വിളിപ്പിച്ചത്. ഞായറാഴ്ച സുധാകരന്റെ സഹോദരന്റെ മകളുടെ കല്യാണമാണ്. കല്യാണത്തിരക്കിനിടെയാണ് സുധാകരന്‍ ഡല്‍ഹിക്ക് പോകുന്നത്.

നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മുല്ലപ്പള്ളി മാറണമെന്ന് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മുല്ലപ്പള്ളിയുടെ സ്ഥാനം തെറിക്കുന്നത്.

പുതിയ കെപിസിസി പ്രസിഡന്റിനെ നിയമയിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ സ്ഥാനത്തിനായി എ, ഐ വിഭാഗങ്ങള്‍ രംഗത്തുവന്നു. എന്നാല്‍ മുല്ലപ്പള്ളിയെ മാറ്റി എന്നത് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തിയത്. ഇതോടെയാണ് മുതിര്‍ന്ന വര്‍ക്കിങ് പ്രസിഡന്റിനെ അധ്യക്ഷ സ്ഥാനത്തേക്ക് താല്‍ക്കാലികമായി നിയമിക്കാമെന്ന ധാരണയില്‍ നേതാക്കള്‍ എത്തിയത്.

മുതിര്‍ന്ന നേതാക്കള്‍ക്ക് സുധാകരനോട് താല്‍പ്പര്യമില്ലായിരുന്നെങ്കിലും തീരുമാനം അംഗീകരിക്കുകയായിരുന്നു. സാമുദായിക പരിഗണനയും സുധാകരന് തുണയായി. താല്‍ക്കാലികമാണ് ചുമതലയെങ്കിലും പിന്നീടത് സ്ഥിരമാകാനാണ് സാധ്യത.

നേരത്തെ എംഎം ഹസനെ താല്‍ക്കാലിക ചുമതലയേല്‍പ്പിച്ചെങ്കിലും ദീര്‍ഘനാള്‍ അദ്ദേഹം പദവിയില്‍ തുടര്‍ന്നിരുന്നു. അതിനിടെ സുധാകരന്റെ വരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആഹ്ളാദമുണ്ടാക്കിയിട്ടുണ്ട്. 23ന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

 

 

×