കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കെന്ന് അഭ്യൂഹം ! പ്രഖ്യാപനം ഉടന്‍ ? രാഹുലിന്റെ അന്വേഷണത്തിലും പകരക്കാരനാകാന്‍ യോഗ്യന്‍ സുധാകരനെന്ന് വിലയിരുത്തല്‍. മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കും. മണ്ഡലം തീരുമാനിച്ച് സജീവമാകാന്‍ മുല്ലപ്പള്ളിയോട് ഹൈക്കമാന്‍ഡ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, February 25, 2021

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരനെ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സുധാകരനെ അധ്യക്ഷ പദവിയിലേക്ക് എത്തിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം എടുത്തതായാണ് സൂചന.

നിലവിലെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്നോടിയായാണ് സുധാകരനെ അധ്യക്ഷ പദവിലേക്ക് കൊണ്ടുവരുന്നത്. നേരത്തെ സുധാകരനെ അധ്യക്ഷനാക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നു ഗ്രൂപ്പു വ്യത്യാസമില്ലാതെ ചില നേതാക്കളുടെ ഇടപെടലും ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള മറ്റൊരു നേതാവും ചേര്‍ന്ന് ഇതു അട്ടിമറിക്കുകയായിരുന്നു.

പിന്നീട് ഹൈക്കമാന്‍ഡ് സംസ്ഥാനത്ത് നടത്തിയ സര്‍വേയും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനിടെ അദ്ദേഹം നേരിട്ടു നടത്തിയ അന്വേഷണങ്ങളും പ്രസിഡന്റ് പദവി സുധാകരനെ ഏല്‍പ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു.

ഇന്നു രമേശ് ചെന്നിത്തല നടത്തിയ ഉപവാസത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി യോഗത്തിനുമായി തലസ്ഥാനത്തെത്തിയ സുധാകരന്‍ ഇന്നു രാത്രി തന്നെ മടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹം നാളെ പ്രഖ്യാപനത്തിനു ശേഷമെ മടങ്ങു എന്നാണ് സൂചന.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കുറി വടക്കന്‍ കേരളത്തില്‍ നിന്നും മത്സരിക്കുമെന്നാണ് സൂചന. കൊയിലാണ്ടിയില്‍ നിന്നാകും മുല്ലപ്പള്ളി മത്സരിക്കുകയെന്നാണ് സൂചന.

×