തന്റെ വാക്കുകളിൽ കോടതിയലക്ഷ്യമില്ല,  നിലവിലെ നിയമപ്രകാരം തന്നെ ശിക്ഷിക്കാൻ കോടതിയ്ക്ക് സാധിക്കില്ലെന്ന് ആത്മവിശ്വാസമുണ്ടെന്ന് സുധാകരൻ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, May 1, 2021

തിരുവനന്തപുരം: കോടതിയലക്ഷ്യകേസിൽ ശിക്ഷിക്കില്ലെന്ന ആത്മവിശ്വാസമുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കെ. സുധാകരൻ. ഹൈക്കോടതി ജഡ്ജിക്കെതിരായ വിമർശനത്തിൽ കോടതിയലക്ഷ്യനടപടികൾ പുരോഗമിക്കവേയെയാണ് സുധാകരന്റെ പ്രതികരണം.

തന്റെ വാക്കുകളിൽ കോടതിയലക്ഷ്യമില്ലെന്നും നിലവിലെ നിയമപ്രകാരം തന്നെ ശിക്ഷിക്കാൻ കോടതിയ്ക്ക് സാധിക്കില്ലെന്ന് ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞു.

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട കോടതിയുടെ അന്നത്തെ വിധി ഉചിതമല്ല എന്ന് അന്നും ഇന്നും എന്നും താൻ വിശ്വസിക്കുന്നതായി സുധാകരൻ കൂട്ടിച്ചേർത്തു.

കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതിവിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമർശം. വിധിപ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറിൽ ആണെന്നും സുധാകരൻ വിമർശിച്ചിരുന്നു.

ഇത് കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായി സമർപ്പിച്ച ഹർജിയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി.

×