കോഴിക്കോട്: ഡല്‍ഹിയില്‍ ചര്‍ച്ചയായ തന്റെ കെപിസിസി അധ്യക്ഷ സ്ഥാനം തടയപ്പെട്ടത് തിരുവനന്തപുരത്ത് വച്ചാണെന്ന വാര്‍ത്തകള്‍ തള്ളാതെ കെ സുധാകരന്‍. സംസ്ഥാന കോണ്‍ഗ്രസിലെ 90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പമുണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രവര്‍ത്തകരുടെ പിന്തുണയോടെ താന്‍ അധ്യക്ഷനാകുമെന്നും സുധാകരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.
സുധാകരന്‍ നല്‍കിയ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ : ''അധ്യക്ഷ സ്ഥാനം തടയപ്പെട്ടത് തിരുവനന്തപുരത്ത് വച്ചാണെന്ന വാര്‍ത്ത ഞാന്‍ നിഷേധിക്കുന്നില്ല. അതിന്റെ യാഥാര്‍ഥ്യം എനിക്ക് അറിയില്ല. അത് സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ ഉള്‍കൊള്ളുന്നു.
കെപിസിസി അധ്യക്ഷന്‍ സ്ഥാനം സംബന്ധിച്ച ചര്‍ച്ച ഡല്‍ഹിയില്‍ നടന്നോ ഇല്ലെയോ എന്നതിന്റെ ആധികാരികത പരിശോധിച്ചു വരുന്നു. ചര്‍ച്ച നടന്നെങ്കില്‍ അത് തടയപ്പെട്ടത് തിരുവനന്തപുരത്ത് വച്ചാണോ ഡല്‍ഹിയില്‍ വച്ചാണോ എന്ന് അറിയാന്‍ പോകുന്നതേയുള്ളൂ.
ഇന്നലെ രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ എന്നും വരും, വരുമ്പോള്‍ വിളിക്കണം, കാണണമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്താണ് പറയാന്‍ പോകുന്നതെന്ന് എനിക്ക് അറിയില്ല.
താരിഖ് അന്‍വര്‍ വ്യക്തിപരമായി സംസാരിക്കാനുണ്ടെന്നാണ് എന്നോട് പറഞ്ഞത്. രാഹുലുമായും സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തണമെന്നും പറഞ്ഞു.
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഉയര്‍ച്ച ആഗ്രഹിക്കുന്നവരാണ്. എനിക്കൊരു മോഹവുമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കളവാണ്. നേതൃനിരയില്‍ എത്താന്‍, അധികാരത്തില്‍ എത്താന്‍, മന്ത്രിയാവാന്‍ എല്ലാം താല്‍പര്യമുണ്ട്.
എനിക്കും അത്തരം ആഗ്രഹമുണ്ട്. നിഷേധിക്കുന്നില്ല. ഇത്തവണ കെപിസിസി അധ്യക്ഷനാവാന്‍ അത്രമോഹമൊന്നും എനിക്കുണ്ടായിട്ടില്ല. കഴിഞ്ഞതവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ സമയത്ത് ആഗ്രഹമുണ്ടായിരുന്നു.
അന്ന് നടക്കില്ലെന്ന് അറിഞ്ഞതോടെ ആ ഭാഗത്തേക്ക് ഞാന്‍ നോക്കിയിട്ടില്ല. അന്ന് കൈവിട്ട് പോയതിന് പല കാരണങ്ങളുണ്ട്. ആ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നത് രാഷ്ട്രീയമര്യാദയല്ല.
കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് രാഷ്ട്രീയമുണ്ട്. വ്യത്യസ്തമായ താല്‍പര്യങ്ങളുടെ ആളുകളുണ്ട്. ആ താല്‍പര്യങ്ങള്‍ എന്നും പാര്‍ട്ടിക്ക് ദൗര്‍ബല്യമാണ്. അത് ഇല്ലാതാക്കണം.
കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക. അതില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പ്രമുഖമായ സ്ഥാനമുണ്ട്. അത് എല്ലാവരും അംഗീകരിച്ചുകൊടുത്തതാണ്.
അതിലാര്‍ക്കും തര്‍ക്കമില്ല. ജാഥാ ക്യാപ്റ്റനായത് കൊണ്ടാണ് ചെന്നിത്തലയുടെ ഫോട്ടോയ്ക്ക് പോസ്റ്ററുകളിലും ഫ്ളക്സുകളിലും പ്രാധാന്യം നല്‍കിയിട്ടുള്ളതെന്നും സുധാകരന്‍ വ്യക്തമാക്കുന്നു.
നേരത്തെ സുധാകരനെ പ്രസിഡന്റാക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡ് ആരംഭിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ കേരളത്തില്‍ നടന്ന ചര്‍ച്ചയില്‍ സുധാകരനെ വെട്ടാന്‍ ചില നേതാക്കള്‍ ഇടപെടുകയായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനു പിന്നാലെ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തു തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതു ചില ഗൂഢാലോചനയ്ക്ക് ശേഷമാണെന്നാണ് ആക്ഷേപം.