Advertisment

ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊവിഡ് ടെസ്റ്റുകള്‍ സര്‍ക്കാര്‍ നടത്തുന്നില്ല; ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പോലും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ല; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍; മുഖ്യമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം-കെ.സുരേന്ദ്രന്‍

New Update

publive-image

Advertisment

തിരുവല്ല: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

പ്രളയ ബാധിത പ്രദേശത്ത് ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ പലരും ദുരിതം അനുഭവിക്കുകയാണ്. മുഖ്യമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം. ദുരിതബാധിതര്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യണം. വകുപ്പുകളുടെ അലംഭാവം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.

സന്നദ്ധ സംഘടനകള്‍ മാത്രമാണ് ദുരിതബാധിതര്‍ക്ക് സഹായവുമായി ഇപ്പോഴുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊവിഡ് ടെസ്റ്റുകള്‍ സര്‍ക്കാര്‍ നടത്തുന്നില്ല. ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പോലും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ല. നിരവധി രോഗ ബാധിതര്‍ ക്യാമ്പുകളിലുണ്ട്. ഇവരുടെ ആരോഗ്യ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പ്രളയത്തില്‍ തകര്‍ന്ന കോമളം പാലം, കോട്ടാങ്ങല്‍, മല്ലപ്പള്ളി, ആനിക്കാട്, കവിയൂര്‍, ഇരവിപേരൂര്‍, ആറന്മുള എന്നീ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും പ്രളയബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.എ സൂരജ്, മറ്റ് ബിജെപി സംസ്ഥാന ജില്ലാ ഭാരവാഹികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

k surendran
Advertisment