പാചകവാതകത്തിന് സാധാരണക്കാരന് സര്‍ക്കാര്‍ സബ്‌സിഡി കൊടുക്കുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍, ഇപ്പോള്‍ കിട്ടുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍; ഒരു ദിവസത്തേക്കോ, ഒരു മാസത്തേക്കോ വന്നിട്ടില്ലെന്ന് കരുതി സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കി എന്നല്ല അര്‍ത്ഥമെന്ന് സുരേന്ദ്രന്‍! മൂന്നു മാസമായി അക്കൗണ്ടില്‍ വരുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ മറുപടി. ഉത്തരംമുട്ടി വണ്ടിവിട്ട് സുരേന്ദ്രന്‍ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, March 2, 2021

തിരുവനന്തപുരം: പാചക വാതകത്തിന് വില കൂടിയെങ്കിലും സബ്‌സിഡി കിട്ടുന്നുണ്ടെന്ന് അവകാശപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സബ്‌സിഡി കഴിഞ്ഞ മൂന്നുമാസമായി അക്കൗണ്ടില്‍ വരുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു ദിവസത്തെക്കോ ഒരു മാസത്തെക്കോ അക്കൗണ്ടില്‍ വന്നില്ലെന്ന് കരുതി സബ്‌സിഡി നിര്‍ത്തലാക്കി എന്നല്ല അര്‍ത്ഥമെന്നും സുരേന്ദ്രന്‍ വാദിച്ചു.

പാചകവാതകത്തിന് 25 രൂപ ഇന്ന് വര്‍ധിച്ചിരിക്കുകയാണ്. എല്ലാ മാസവും ഇങ്ങനെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമായി കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ബിജെപി പ്രതിഷേധിക്കുന്നുണ്ടോ . എന്താണ് നിലപാട്. മൂന്നുമാസത്തിനിടെയില്‍ കൂടിയത് 220 രൂപയുടെ വര്‍ധനവാണ്. ഒരു മാസത്തിനിടയില്‍ 100 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം.

അല്ല, പാചകവാതകത്തിന് സാധാരണക്കാരന് സര്‍ക്കാര്‍ സബ്‌സിഡി കൊടുക്കുന്നുണ്ടല്ലോ. സബ്‌സിഡി നിര്‍ത്തലാക്കിയിട്ടൊന്നുമില്ല എന്ന് സുരേന്ദ്രന്റെ മറുപടി. സബ്‌സിഡി ഇപ്പോള്‍ ബാങ്കില്‍ വരുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍.

ആര് പറഞ്ഞു. നിങ്ങള്‍ ഒരു ദിവസത്തേക്കോ, ഒരു മാസത്തേക്കോ വന്നിട്ടില്ലെന്ന് കരുതി സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയെന്ന് ഞാന്‍ എവിടെയും കണ്ടിട്ടില്ലെന്ന് സുരേന്ദ്രനും. ഒടുവില്‍ മൂന്നു മാസമായി അക്കൗണ്ടില്‍ വരുന്നില്ലെന്ന മറുപടി കേട്ട് ഉത്തരംമുട്ടി സുരേന്ദ്രന്‍ വണ്ടിവിടുകയായിരുന്നു.

×