‘എനിക്കെങ്ങനെ അറിയാനാണ്. നിങ്ങള്‍ മാധ്യമങ്ങളല്ലേ റിപ്പോര്‍ട്ട് ചെയ്തത്’ ! സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടേ ഇല്ല ; രഹസ്യ മൊഴിയിലുള്ളത് മാസങ്ങള്‍ക്ക് മുമ്പ് ആരോപണമായി ഉന്നയിച്ചത് വിഴുങ്ങി കെ സുരേന്ദ്രന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, March 7, 2021

തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണം വിഴുങ്ങി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്പീക്കര്‍ക്കും നാല് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സുരേന്ദ്രന്‍ നല്‍കിയ മറുപടി.

കസ്റ്റംസ് നോട്ടീസ് അയക്കുന്നതിന് മുമ്പ് തന്നെ സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും സ്വര്‍ണകടത്തില്‍ പങ്കുണ്ടെന്ന് താങ്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്നാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്.

‘മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും വിഷയത്തില്‍ പങ്കുണ്ടെന്ന കാര്യം താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞത്. താങ്കള്‍ക്കും അപ്പോഴാണോ വിവരം ലഭിച്ചത്?

അതോ അതിന് മുമ്പേ കസ്റ്റംസുമായി ബന്ധപ്പെട്ട് വിവരം അറിയുമായിരുന്നോ?’, മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം ഇങ്ങനെ. ഇതിന് ‘എനിക്കെങ്ങനെ അറിയാനാണ്. നിങ്ങള്‍ മാധ്യമങ്ങളല്ലേ റിപ്പോര്‍ട്ട് ചെയ്തത്’, എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

×