കടല്‍ക്കൊല കേസിലെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ വിധി : കേന്ദ്ര സർക്കാരിൻ്റെ ശക്തമായ നിലപാടിനുള്ള അംഗീകാരമാണെന്ന് കെ.സുരേന്ദ്രൻ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, July 3, 2020

തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ വിധി കേന്ദ്ര സർക്കാരിൻ്റെ ശക്തമായ നിലപാടിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. ‌

ഇറ്റലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചതും ട്രൈബ്യൂണല്‍ ശരിവച്ചത് അന്ന് പ്രതിപക്ഷം നടത്തിയ കോലാഹലം തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇറ്റലിയുടെ വാദങ്ങള്‍ തള്ളിയാണ് ട്രൈബ്യൂണലിന്റെ വിധി. സോണിയാഗാന്ധിയുടെ കോൺഗ്രസല്ല രാജ്യം ഭരിക്കുന്നതെന്ന് എല്ലാവർക്കും ബോധ്യമായതായി സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

മൻമോഹൻസിംഗിൻ്റെ കാലത്ത് 2012 ലാണ് ഇറ്റലിയന്‍ കപ്പലായ എന്‍ട്രിക്കാ ലക്സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടത്. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതോടെ ഈ വിഷയത്തിൽ ശക്തമായ നിലപാടെടുത്തു. അന്ന് കേന്ദ്രസർക്കാരിനെയും മോദിയേയും ആക്ഷേപിച്ച കോൺഗ്രസും സിപിഎമ്മും മാപ്പു പറയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

×