സിപിഎം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുന്നു; പൊലീസ് നിഷ്ക്രിയമായി ഇരുന്നാൽ കൈയും കെട്ടി നോക്കി  ഇരിക്കാൻ ബിജെപിയെ കിട്ടില്ല,  ശക്തമായ ഇടപെടലുണ്ടാകുമെന്ന് കെ സുരേന്ദ്രൻ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, April 8, 2021

തിരുവനന്തപുരം: സിപിഎം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസ് നിഷ്ക്രിയമായി ഇരുന്നാൽ കൈയും കെട്ടി നോക്കി ഇരിക്കാൻ ബിജെപിയെ കിട്ടില്ലെന്നും ശക്തമായ ഇടപെടലുണ്ടാകുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

അക്രമങ്ങൾ സിപിഎം നേതാക്കളുടെ അറിവോടെയാണ് നടക്കുന്നത്. എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ സഹായം സിപിഎമ്മിന് കിട്ടുന്നുണ്ട്. പൊലീസ് നിഷ്ക്രിയമാണ്. അക്രമികളെ കൈയിൽ കിട്ടിയിട്ടു പോലും നടപടി എടുക്കുന്നില്ല. പൊലീസ് നിഷ്ക്രിയമായി ഇരുന്നാൽ കൈയും കെട്ടി നോക്കി ഇരിക്കാൻ ബിജെപിയെ കിട്ടില്ലെന്നും ശക്തമായ ഇടപെടലുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു

സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടന്നെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യത ഉറപ്പാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബൂത്ത് ലെവൽ ഓഫീസര്‍മാരെ വെച്ച് അട്ടിമറിക്ക് സിപിഎം ശ്രമിക്കുകയാണ്.

പോസ്റ്റൽ ബാലറ്റ് എത്ര എണ്ണം ഉണ്ട്. എത്ര പോൾ ചെയ്തു. എത്ര ശതമാനം. കമ്മീഷൻ സമാഹരിച്ചത്, സമാഹരിക്കാത്തത് ഇനം തിരിച്ചു സ്ഥാനാർത്ഥികൾക്ക് നൽകണം. പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്യാൻ സിപിഎം പ്രത്യേക സംഘടന സംവിധാനം ഉണ്ടാക്കിയെന്നും കെ.സുരേന്ദ്രൻ ആക്ഷേപം ഉന്നയിച്ചു.

×