തിരുവനന്തപുരത്ത് പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്ന്; തിരുവനന്തപുരത്ത് കടുത്ത ആശങ്കയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, July 4, 2020

തിരുവനന്തപുരം : കോവിഡ് പടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കടുത്ത ആശങ്കയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നാണെന്ന് മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ ഏതാനും ദിവസമായി പൊലീസുകാരന്‍ സമരക്കാരെ നേരിട്ടയാളാണ്. ഇങ്ങനെയാകാം ഇയാള്‍ക്ക് കോവിഡ് പകര്‍ന്നതെന്നാണ് നിഗമനമെന്ന് കടകംപള്ളി പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലല്ല താന്‍ പറയുന്നത്. തിരുവനന്തപുരത്ത് മുന്നറിയിപ്പുകള്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്ന സാഹചര്യമുണ്ട്. ഇത് വന്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കും. ആളുകള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നത് മൂലം സാമൂഹിക വ്യാപന സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയെങ്കില്‍ നഗരം അടച്ചിടേണ്ട സാഹചര്യം വരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം നന്ദാവനം എ ആര്‍ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് ബാധിച്ച സാഹചര്യത്തില്‍, ഇയാളുടെ വീട്ടുകാര്‍ക്കോ, എആര്‍ ക്യാമ്പിലെ മറ്റു പൊലീസുകാര്‍ക്കോ രോഗം ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

×