കൊച്ചി: ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണ കരാറില്‍ കോടികളുടെ കമ്മീഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. സര്‍ക്കാരില്‍ ഉന്നത പദവി വഹിക്കുന്ന വ്യക്തിയാണ് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ സ്വപ്ന സുരേഷും കൂട്ടരും കമ്മീഷന്‍ വാങ്ങിയെന്ന് പറഞ്ഞിരിക്കുന്നത്.
/sathyam/media/post_attachments/SFJkIrGJF3MwBnP92Hkp.jpg)
ബ്രിട്ടാസിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക് ശരിവെക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം കൈരളി ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബ്രിട്ടാസിന്റെ വെളിപ്പെടുത്തലുണ്ടായത്.
ചാനല്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ പറഞ്ഞത് പ്രേക്ഷകര്‍ക്ക് ഒരു വിലപ്പെട്ട വിവരം നല്‍കാനുണ്ടെന്നാണ് ബ്രിട്ടാസ് പറഞ്ഞത്. ഇതിനിടയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സിറാജ് ദിനപത്രത്തിന്റെ ലേഖകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട ദിവസമാണ് തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കഫേ കോഫി ഡേയ്ക്ക് മുന്നില്‍ വെച്ച് കമ്മീഷന്‍ പണം കൈമാറ്റം നടത്തിയെന്നാണ് ബ്രിട്ടാസ് പറഞ്ഞത്. വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യൂണിടാക് നാല് കോടി 25 ലക്ഷം രൂപ നല്‍കിയെന്നാണ് ചാനല്‍ ചര്‍ച്ചയിലെ തുറന്ന് പറച്ചില്‍.
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ പ്രോജക്ടില്‍ ഇത്ര ഗുരുതരമായ അഴിമതിയെക്കുറിച്ച് അറിവുണ്ടായിട്ടും എന്ത് കൊണ്ടാണ് ധനമന്ത്രി ഇതേക്കുറിച്ച് അന്വേഷണം നടത്താതിരുന്നതെന്ന കാര്യത്തില്‍ സംശയമുയരുന്നു.
കോഴ ഇടപാടിനെക്കുറിച്ച് മന്ത്രിക്കറിവുണ്ടായിരുന്നുവെന്നത് കുറ്റകൃത്യം മറച്ചുവെക്കുന്നതിന് തുല്യമാണ്. കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അത് മറച്ച് വെക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഗുരുതരമായ കുറ്റമായിട്ടാണ് കണക്കാക്കുന്നത്. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മുന്‍കൂര്‍ അറിവുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ബ്രിട്ടാസ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അഴിമതിക്ക് കൂട്ട് നില്‍ക്കുന്ന മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമാണ്് പിണറായി വിജയന്റെ സര്‍ക്കാരിലുള്ളത്.
ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷന്‍ ഇടപാടില്‍ ഉന്നത് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട ഡീല്‍ നടക്കുന്നത് ബഷീര്‍ കണ്ടിരിക്കാമെന്നാണ് സംശയം. അന്ന് രാത്രി കൊല്ലത്ത് നടന്ന മീറ്റിങിന് ശേഷം തിരുവനന്തപുരത്ത് എത്തിയ കെഎം ബഷീര്‍ കവടിയാറുള്ള ഓഫീസില്‍ നിന്ന് മടങ്ങുമ്പോഴാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്ത് ഫുട്പാത്തില്‍ ഫോണ്‍ ചെയ്ത് നില്‍ക്കുമ്പോള്‍ മദ്യപിച്ച് അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് ബഷീര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് കാണാതായ ബഷീറിന്റെ ഫോണിനെ ചൊല്ലി നിരവധി വിവാദങ്ങളുണ്ടായി. കാണാന്‍ പാടില്ലാത്തത് എന്തോ ബഷീര്‍ കണ്ടുവെന്നും അത് ഫോണില്‍ പകര്‍ത്തിയെന്നും ആ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനായി ബഷീറിനെ കൊന്നതാകാമെന്നും മുന്‍ എസ്പി ജോര്‍ജ് ജോസഫ് വെളിപ്പെടുത്തിയിരുന്നു.
മാത്രമല്ല, വഫാ ഫിറോസിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് കാര്യമായ അന്വേഷണം നടന്നതുമില്ല. ശ്രീറാമും വഫാ ഫിറോസുമായി സൗഹൃദമുണ്ടായിരുന്നുവെന്നതിനപ്പുറത്തേക്ക് ആ ചര്‍ച്ചകള്‍ നീങ്ങിയതുമില്ല. എന്നാല്‍, സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന തിനിടെ അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങളില്‍ ചിലത് ബഷീറിന്റെ മരണവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം.
സിപിഎം ചാനല്‍ ഇത് വെളിപ്പെടുത്തിയത് വിഷയം മാറ്റാനാണോ എന്ന ശങ്കയുണ്ട്. അല്ലെങ്കില്‍ ചാനല്‍ തുടര്‍ വിവരങ്ങള്‍ നല്‍കേണ്ടി വരും. എന്തിന് സിപിഎം മാധ്യമം ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന് വിശദീകരിക്കേണ്ടി വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us