കേരളം

കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ശ്രീലങ്കന്‍ ബന്ധം; ശ്രീലങ്കന്‍ നമ്പറുകളില്‍നിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോണ്‍വിളികള്‍ എത്തി

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, September 26, 2021

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ശ്രീലങ്കന്‍ ബന്ധം ഉള്ളതായി കണ്ടെത്തൽ. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിൽ നിന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇത് കേസില്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധമാണ് സംശയിക്കുന്നത്.

ശ്രീലങ്കന്‍ നമ്പറുകളില്‍നിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോണ്‍വിളികള്‍ എത്തിയിട്ടുണ്ട്. മയക്കുമരുന്നു കേസില്‍ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടമായ ചെന്നൈ ട്രിപ്ലിക്കെയിനും തീരപ്രദേശമാണ്. ട്രിപ്ലിക്കെയിന്‍ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തമിഴ് വംശജരാണ്.

ഇവര്‍ക്ക് ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ. സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കടല്‍വഴി കേരള-തമിഴ്‌നാട് തീരത്തേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന് ഇന്റലിജന്‍സും എന്‍.സി.ബി.യും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

×