ദാരിദ്ര്യം നിറഞ്ഞ കുടുംബ പച്ഛാത്തലത്തിൽ നിന്ന് സിനിമലോകത്തേക്ക് ! നടന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്ന് അഞ്ച് വർഷം

ഫിലിം ഡസ്ക്
Saturday, March 6, 2021

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്ന് അഞ്ച് വർഷം. പ്രേക്ഷകർക്കിന്നും ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ചാലക്കുടിക്കാരൻ മണി.

ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനായ മണി ദാരിദ്ര്യം നിറഞ്ഞ കുടുംബ പച്ഛാത്തലത്തിൽ നിന്നുമാണ് സിനിമലോകത്തേക്ക് എത്തുന്നത്.

മിമിക്രികലാകാരനായാണ് താരത്തിന്റെ തുടക്കം. സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ഏറെ ശ്രദ്ധിക്കപെട്ടതോടെ കൂടുതൽ അവസരങ്ങൾ തേടിയെത്തി.

വിനയൻ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. അന്ധഗായകനായ രാമുവിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

രാമു എന്ന കഥാപാത്രത്തിന്റെ അവതരണത്തിന് ദേശീയ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം, കേരള സർക്കാരിന്റെ സ്‌പെഷൽ ജൂറി പ്രൈസ്, സത്യൻ ഫൗണ്ടേഷൻ അവാർഡ്, മാതൃഭൂമി അവാർഡ്, ലക്‌സ്-ഏഷ്യാനെറ്റ് അവാർഡ് എന്നീ അംഗീകാരങ്ങൾ മണിയെ തേടിയെത്തി. കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മണി ശ്രദ്ദേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടൻ എന്നതിനൊപ്പം നല്ല ഗായകൻ കൂടിയാണ് കലാഭവൻ മണി. നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല.

×