/sathyam/media/post_attachments/aVkLxCJb8cw2b8bSVwdT.jpg)
ആയിരക്കണക്കിനു സദസ്സുകളെ സ്വരമാധുരി കൊണ്ട് ധന്യമാക്കിയിരുന്ന ഈ അനുഗ്രഹീത ഗായകൻ ജീവിത താളം തേടി ഇപ്പോൾ "ഭാഗ്യം വിൽക്കുക" യാണ്.
"രണ്ടു മാസം മുമ്പുവരെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി. മൂന്നും നാലും ദിവസം ഉറക്കമിളച്ചിരുന്നതോടെ പ്രമേഹ രോഗം മൂർച്ഛിച്ചു. അതോടെ സെക്യൂരിറ്റിപ്പണി നിർത്തി. പിന്നീടാണ് പാലായിൽ ലോട്ടറിക്കടയിൽ വിൽപ്പനക്കാരനായി ജോലിക്കു കയറിയത്. " ശോക രാഗത്തോടു ശ്രുതി ചേർന്നു സാബുവിൻ്റെ സങ്കടങ്ങൾ..."
കൊവിഡിൻ്റെ ഉച്ചസ്ഥായിയിൽ തിരുനാളുകൾ, ഉത്സവങ്ങൾ, മറ്റ് ആഘോഷങ്ങൾക്കെല്ലാം മംഗളം പാടിയതോടെ വൈക്കം സാബുവിൻ്റെ ജീവിതത്തിലും അപശ്രുതിയുടെ സ്വരമുയർന്നു. ഗാനമേളകൾ അടക്കമുള്ള കലാവിരുന്നുകൾ ഇല്ലാതെയായി. പൊതുപരിപാടികൾക്ക് നിയന്ത്രണം വന്നതോടെ പ്രതിസന്ധി വർധിച്ചു.
ഒരു കാലഘട്ടത്തിൽ പത്തോളം സിബിഎസ്സി സ്കൂളുകളിലെ സംഗീതാദ്ധ്യാപകനുമായിരുന്നൂ വൈക്കം സാബു. "കൊവിഡിൽ സ്കൂളുകളും അടച്ചതോടെ ആ വഴിയും അടഞ്ഞു. കുടുംബം പോറ്റാൻ മറ്റെന്തെങ്കിലും വഴി കണ്ടെത്തിയോ തീരൂ എന്ന അവസ്ഥ വന്നപ്പോഴാണ് ശ്രുതിപ്പെട്ടി പൂട്ടി, സെക്യൂരിറ്റി പണിക്കിറങ്ങിയത്. ഇപ്പോൾ ലോട്ടറി വിൽപ്പനയിലേക്കുമെത്തി. ദിവസം 400 രൂപാ കിട്ടും. ഈ സാഹചര്യത്തിൽ ഇതു വലിയ അനുഗ്രഹമാണ് " - സാബു പറഞ്ഞു.
തലയോലപ്പറമ്പ് പുളിക്കൽ കുടുംബാംഗമായ സാബു 1990-ൽ തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളജിൽ നിന്നും ഒന്നാം ക്ലാസ്സോടെ സംഗീതം പാസ്സായി. തുടർന്ന് പ്രമുഖ സംഗീത സംവിധായകൻ കോട്ടയം ജോയി നയിച്ച കോട്ടയം രാഗശ്രീ ഗാനമേള ട്രൂപ്പിലെ പ്രധാന ഗായകനായി. കൊച്ചിൻ കലാഭവൻ, മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സ്, തുടങ്ങി കേരളത്തിലെ പ്രശസ്ത ഗാനമേളട്രൂപ്പുകൾക്കെല്ലാം വേണ്ടി പാടി. പഴയ മലയാളം, ഹിന്ദി സിനിമാ ഗാനങ്ങൾ ഒരപോലെ ആലപിച്ചിരുന്ന സാബുവിന് ഒട്ടേറെ ആരാധകരുമുണ്ടായിരുന്നു.
വൈക്കം ശ്രീഭദ്ര എന്ന സ്വന്തം ഭക്തിഗാനമേള ട്രൂപ്പുമുണ്ടായിരുന്നു. നിരവധി ഭക്തിഗാന സിഡികൾക്കും ആൽബങ്ങൾക്കും വേണ്ടി പാടി. യേശുദാസിൻ്റെ മുന്നിൽ അദ്ദേഹം പാടിയ സിനിമാ ഗാനം പാടി മുക്തകണ്ഠമായ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയതും, പി ജയചന്ദ്രനു വേണ്ടി ട്രാക്ക് പാടിയതും സാബുവിൻ്റെ ജീവിതത്തിൽ മോഹനരാഗം മീട്ടുന്നു.
സൂര്യാ ടിവി. 50-വയസ്സിനു മേലുള്ളവർക്കായി സംഘടിപ്പിച്ച ഓൾഡ് ഈസ് ഗോൾഡ് സംഗീത മത്സരത്തിൽ പങ്കെടുത്ത് ശ്രദ്ധ പിടിച്ചുപറ്റുവാനും കഴിഞ്ഞു. സാബു മുന്നിട്ടു നിന്നു. ഭാര്യ ഷേർളി, മക്കളായ സന്ധ്യ, സന്ദീപ് എന്നിവർക്കൊപ്പം കടുത്തുരുത്തി കല്ലറയിലാണിപ്പോൾ ഈ ഗായകൻ്റെ പാട്ടു വീട്.
"എന്നെപ്പോലെ ഒരു പാട് കലാകാരന്മാർ ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നുണ്ട്. മറ്റ് തൊഴിലുകളൊന്നും അറിയാതെ വലയുകയാണവർ. " ആയിരക്കണക്കിനു കലാകാരന്മാരുടെ പ്രതിനിധിയായി ഇതു പറഞ്ഞു നിർത്തിയപ്പോൾ തന്നെ സാബുവിൻ്റെ ചുണ്ടിൽ മറ്റൊരു പാട്ട് ശ്രുതിയിട്ടു; " എന്തിനു പാഴ് ശ്രുതി മീട്ടുവതിനിയും തന്ത്രികൾ പൊട്ടിയ തമ്പുരു ഞാൻ...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us