ആളു മാറി ഗുണ്ടാ ആക്രമണം ; നെഞ്ചത്ത് വെട്ടേറ്റ മേസ്തിരിപ്പണിക്കാരന്‍ ഗുരുതരാവസ്ഥയില്‍

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Sunday, December 8, 2019

കലവൂർ : കാപ്പ കേസിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ ഗുണ്ടയും സംഘവും ആളുമാറി മേസ്തിരിപ്പണിക്കാരനെ നെഞ്ചിൽ വെട്ടിപ്പരുക്കേൽപ്പിച്ചു. മണ്ണഞ്ചേരി പനമൂട് കൊല്ലവെളി പുരുഷനാണ്(50) നെഞ്ചിൽ വെട്ടേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

വാടകയ്ക്കെടുത്ത കാറിൽ എത്തിയ ഗുണ്ടാസംഘത്തെ പിന്നീട് പൊലീസ് കലവൂർ പെട്രോൾ പമ്പിൽ നിന്നു പിടികൂടി. ആലപ്പുഴ തോണ്ടൻകുളങ്ങര കിളിയൻപറമ്പിൽ എ.അരുൺകുമാർ (കണ്ണൻ–26), പട്ടണക്കാട് വടക്കേടത്ത് വെളി കെ.സുജിത്(40), വെച്ചൂർ പ്രസന്നവിലാസം പി.പ്രജീഷ്(30) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.

കണ്ണനെ ആലപ്പുഴ നോർത്ത് പൊലീസാണ് കാപ്പ കേസിൽ ജയിലിലാക്കിയത്. ഇയാളുടെ ഭാര്യ മണ്ണഞ്ചേരി പനമൂട് ജംക്‌ഷന് സമീപത്ത് വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം ഭാര്യയെ അന്വേഷിച്ചെത്തിയ കണ്ണൻ ഇവരെ വീട്ടിൽ കാണാത്തതിനെ തുടർന്ന് സമീപത്തെ വീട്ടിലെത്തി.

മേസ്തിരിയായ പുരുഷൻ ഈ വീട്ടിൽ പശുത്തൊഴുത്ത് നിർമിക്കുന്നതിന് അളവെടുക്കാൻ വന്നതായിരുന്നു. വെട്ടേറ്റ് ചോര വാർന്ന് നിലത്തുവീണ പുരുഷനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അക്രമികൾ വീടിന്റെ ജനൽചില്ലകളും തകർത്തു.

പുരുഷൻ അപകടനില തരണം ചെയ്തതായും തിങ്കളാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ടെന്നും മണ്ണഞ്ചേരി എസ്ഐ വി.ബെന്നി പറഞ്ഞു. അക്രമികൾ എത്തിയ കാറിന്റെ പിന്നിലെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. ആലപ്പുഴയിൽ നിന്നു വാടകയ്ക്കെടുത്ത കാറാണിതെന്ന് പൊലീസ് പറഞ്ഞു.

×