വയനാട്ടില്‍ കല്‍പറ്റ ഒഴികെയുള്ള സീറ്റുകളില്‍ വിജയ പ്രതീക്ഷയോടെ ഇടതുപക്ഷം. മുഴുവന്‍ സീറ്റുകളും തൂത്തുവാരുമെന്ന് യുഡിഎഫ്. കല്‍പറ്റയില്‍ ശ്രേയാംസ് കുമാറിന് വിനയാകുന്നത് കന്യാസ്ത്രീ സമരത്തിലെ പങ്കാളിത്തവും ! 

ന്യൂസ് ബ്യൂറോ, വയനാട്
Monday, April 5, 2021

വയനാട്: വയനാട്ടില്‍ രാഹുല്‍ ഇഫക്ട് യുഡിഎഫിന് വന്‍തോതില്‍ ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. കല്‍പറ്റയില്‍ ഉള്‍പ്പെടെ യുഡ‍ിഎഫ് സ്ഥാനാര്‍ഥികള്‍ ഇതിനോടകം ബഹുദൂരം മുന്നിലാണ്. മറ്റ് മണ്ഡലങ്ങളിലും സ്ഥിതി ആശാവഹമാണെന്നാണ് യിഡിഎഫിന്‍റെ കണക്കുകൂട്ടല്‍. അതേസമയം കല്‍പറ്റ ഒഴികെയുള്ള മണ്ഡലങ്ങളില്‍ ജില്ലയില്‍ വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം.

ജനതാദള്‍ നേതാവ് എംവി ശ്രേയാംസ് കുമാര്‍ മത്സരിക്കുന്ന കല്‍പറ്റയില്‍ ഇടതുപക്ഷം പിന്നോക്കം പോയതിന് നിരവധി കാരണങ്ങളാണ് നേതൃത്വം കാണുന്നത്. ശ്രേയാംസ് മണ്ഡലത്തില്‍ സജീവമല്ലായിരുന്നു എന്നത് എതിര്‍ വിഭാഗം ശക്തമായി അവതരിപ്പിക്കുന്നുണ്ട്.

മുപ്പത്തി അയ്യായിരം ക്രിസ്ത്യന്‍ വോട്ടുകളുള്ള കല്‍പറ്റയില്‍ ഈ വിഭാഗത്തില്‍നിന്നുള്ള കടുത്ത എതിര്‍പ്പും ശ്രേയാംസ് കുമാര്‍ നേരിടുന്നുണ്ട്. ശ്രേയാംസ് എംഡിയായ മാതൃഭൂമിയുടെ ക്രിസ്ത്യന്‍ വിരോധം വിശ്വാസികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കര്‍ദിനാളിനെതിരെ വ്യാജരേഖകള്‍ ചമച്ചുകെട്ടി ഉയര്‍ത്തിയ ഭൂമി വിവാദത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ശക്തമായി എതിര്‍ക്കുന്നതായിരുന്നു മാതൃഭൂമി മാധ്യമങ്ങളുടെ നിലപാട്. ഇതില്‍ സഭയ്ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. സഭയെ ലക്ഷ്യമിട്ട് നടത്തിയ കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത കേരളത്തിലെ ഏക രാഷ്ട്രീയ നേതാവ് ശ്രേയാംസ് കുമാറായിരുന്നു. ശ്രേയാംസിന്‍റെ ക്രൈസ്തവ വിരോധത്തിന്‍റെ പ്രകടമായ തെളിവായിരുന്നു കന്യാസ്ത്രീ സമരപ്പന്തലിലെത്തി നടത്തിയ പ്രസംഗമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കല്‍പറ്റ ഉള്‍പ്പെടുന്ന മാനന്തവാടി രൂപതയില്‍ മുന്‍ കന്യാസ്ത്രീ ആയിരുന്ന ലൂസി കളപ്പുര ഉയര്‍ത്തിയ വിമത ശബ്ദങ്ങളുടെ പ്രചാരകരായി മാതൃഭൂമി മാറിയെന്നായിരുന്നു ക്രൈസ്തവ വിശ്വാസികളുടെ എതിര്‍പ്പിന് മറ്റൊരു കാരണം. ഇതെല്ലാം കല്‍പറ്റയിലെ ക്രൈസ്തവ വോട്ടുകളില്‍ നിര്‍ണായകമായി മാറാനിടയുണ്ട്. അതേസമയം കല്‍പറ്റയിലെ ശക്തമായ ഇടതുപക്ഷ രാഷ്ട്രീയ സ്ഥിതിഗതികളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ഇടതുപക്ഷം.

ചാനലുകളുടെയും വിവിധ ഏജന്‍സികളുടെയും സര്‍വ്വേകളില്‍ പല്‍പറ്റയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന് വന്‍ മുന്നേറ്റമാണ് പ്രവചിച്ചത്. കഴിഞ്ഞ ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മണ്ഡലത്തെ ഇളക്കി മറിച്ചിരുന്നു.

സുല്‍ത്താന്‍ ബത്തേരിയിലും മാനന്തവാടിയിലും ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷയുണ്ട്. രണ്ടിടങ്ങളിലും യുഡിഎഫും ഇടതുപക്ഷവും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്.

×