തിരുവനന്തപുരം: പിഎസ് സി ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്കാരിക നായകർ കേരളത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് എംഎൽഎ കെ.എസ്. ശബരീനാഥൻ.
/sathyam/media/post_attachments/r50HzH3gkxCN2TIa8yOA.jpg)
ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷ അനുഭാവമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ. ബാലന് അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ കത്തു നൽകിയ സംഭവത്തിൽ ആണ് ശബരീനാഥൻ വിമർശനവുമായി രംഗത്തെത്തിയത്.
ചലച്ചിത്ര അക്കാദമിയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു കമലിൻറെ ആവശ്യം. ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാം മാനേജര്‍ എന്നീ പദവികളില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവരുടെ പേരെടുത്ത് പറഞ്ഞാണ് സ്ഥിരം നിയമനം ആവശ്യപ്പെട്ടിരിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ നേട്ടത്തിന് പിന്നില്‍ ഈ ജീവനക്കാരുടെ സംഭാവന ഉണ്ടെന്നും ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുമെന്നും കമല്‍ കത്തില്‍ പറയുന്നു.
അക്കാദമിയിലെ ചെയര്മാന്, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ക്ക് തൊട്ടുതാഴെയുളള പദവികളാണ് ഇത്.