പ്രതികളെ അറസ്റ്റ് ചെയ്തതിൽ ഞങ്ങൾ സന്തുഷ്ടരാണ്, അവരെയെല്ലാം തൂക്കിലേറ്റണം ; കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ എല്ലാ പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് അമ്മ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, October 23, 2019

ലഖ്നൗ: ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് അമ്മ കുസും തിവാരി. ‘പ്രതികളെ അറസ്റ്റ് ചെയ്തതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവരെയെല്ലാം തൂക്കിലേറ്റണം. സർക്കാരിന്റെ നടപടിയിൽ ഞാൻ സംതൃപ്തയാണ്’- കുസും തിവാരി പറഞ്ഞു.

തിവാരിയുടെ കൊലപാതകത്തിലെ മുഖ്യപ്രതികളെ കഴിഞ്ഞ ദിവസം തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യവുമായി കുസും തിവാരി രം​ഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നുമാണ് മുഖ്യപ്രതികളായ അഷ്ഫാഖ്, മൊയ്‍നുദീന്‍ പതാന്‍ എന്നിവർ പിടിയിലായത്. കമലേഷ് തിവാരി കൊല്ലപ്പെട്ട ഖുര്‍ഷിദ് ബാദിലെ ഹിന്ദു സമാജ് ഓഫീസില്‍ നിന്ന് ലഭിച്ച മധുരപ്പൊതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നേരത്തെ മകന്റെ കൊലപാതകത്തിൽ ബിജെപി നേതാവിന് പങ്കുണ്ടെന്ന ആരോപണവുമായി കുസും തിവാരി രംഗത്തെത്തിയിരുന്നു. മഹ്‍മുദാബാദിലെ ഒരു ക്ഷേത്രത്തിന്‍റെ നി‍‍‍ർമാണവുമായി ബന്ധപ്പെട്ട് ശിവ് കുമാർ ഗുപ്ത മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും, ഈ കൊലപാതകത്തിന് പിന്നിലും ഗുപ്‍ത തന്നെയാണെന്ന് ഉറപ്പാണെന്നുമായിരുന്നു അവർ ആരോപിച്ചിരുന്നത്.

×