സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍; ഇനിയൊരിക്കലും ഭരണം കിട്ടില്ലെന്ന വേവലാതി കൊണ്ടാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിക്കുന്നത്‌; ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒരു നിലപാടും മാറ്റിയിട്ടില്ല; പിന്‍വലിച്ചത് വഴിതടയല്‍ പോലുള്ള ചെറിയ കേസുകള്‍

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Saturday, February 27, 2021

പത്തനംതിട്ട: സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇനിയൊരിക്കലും ഭരണം കിട്ടില്ലെന്ന വേവലാതി കൊണ്ടാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിക്കുന്നതെന്നും കാനം വ്യക്തമാക്കി.

പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവര്‍ക്കെല്ലാം ജോലിനല്‍കാന്‍ സര്‍ക്കാരിനാകില്ല. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് 1,57,000 പേര്‍ക്ക് പി.എസ്.സി. ജോലിനല്‍കി. കോവിഡ് കാലത്ത് മാത്രമാണ് കാലതാമസമുണ്ടായത്. അത് പരിഹരിക്കാന്‍ ആറുമാസം റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയെന്നും കാനം ചൂണ്ടിക്കാണിച്ചു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒരു നിലപാടും മാറ്റിയിട്ടില്ല. വഴിതടയല്‍ പോലുള്ള ചെറിയ കേസുകളാണ് പിന്‍വലിച്ചത്. ഗുരുതരമായ കേസുകള്‍ പിന്‍വലിക്കാനാകില്ല. ശബരിമല സംബന്ധിച്ച വിഷയം ഇപ്പോള്‍ സാങ്കല്പികം മാത്രമാണ്. കേസ് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലാണ്. വിധിയെത്തിയാല്‍ അപ്പോള്‍ പ്രതികരിക്കും. നവോത്ഥാന മുന്നണിയും ഇടതുമുന്നണിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

×