വിനോദിനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം വലുത്, നിയമപരമായ അന്വേഷണം നടക്കട്ടെയെന്ന് കാനം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, March 6, 2021

തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം വലുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ നിയമപരമായ അന്വേഷണം നടക്കട്ടെയെന്ന് കാനം പറഞ്ഞു.

”ഉയര്‍ന്നുവന്നിട്ടുള്ള ആരോപണം വലുതാണ്. നിയമപരമായ അന്വേഷണം നടക്കട്ടെ” -കാനം പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണോ എന്ന ചോദ്യത്തിന് ഇക്കാര്യം ആദ്യം പറഞ്ഞ പാര്‍്ട്ടി സിപിഐ ആണെന്നായിരുന്നു കാനത്തിന്റെ മറുപടി.

അടുത്തബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് വിനോദിക്കു കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ലൈഫ് മിഷന്‍ പദ്ധതിയിലെ കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്തോഷ് ഈപ്പന്‍ വാങ്ങിയ ഏറ്റവും വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചിരുന്നത്. 1, 13,900 രൂപ ( ഒരു ലക്ഷത്തി പതിമൂവായിരത്തി തൊള്ളായിരം രൂപ) വിലയുള്ള ഫോണാണ് കണ്ടെത്തിയത്. സ്വര്‍ണ കള്ളക്കടത്ത് വിവാദമാകുന്നതു വരെ വിനോദിനി ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ഐഎംഇഐ നമ്പര്‍ വഴിയാണ് കസ്റ്റംസ് ഫോണ്‍ കണ്ടെത്തിയത്. ഇതില്‍ ഉപയോഗിച്ചിരുന്ന സിംകാര്‍ഡും കണ്ടെത്തി. സ്വര്‍ണക്കടത്ത് പിടികൂടിയതോടെ ഈ ഫോണ്‍ ഉഫയോഗിക്കുന്നത് നിര്‍ത്തിയതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

യുഎഇ കോണ്‍സല്‍ ജനറലിന് സന്തോഷ് ഈപ്പന്‍ പ്രത്യുപകാരമായി നല്‍കിയ ഈ ഫോണ്‍ എങ്ങനെ വിനോദിനിക്ക് ലഭിച്ചു എന്നതും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

×