ഒടുവില്‍ ഗായിക കനിക കപൂറിന്‍റെ അഞ്ചാമത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ഫിലിം ഡസ്ക്
Sunday, April 5, 2020

ന്യൂഡല്‍ഹി: കൊറോണ ബാധിതയായ ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ അഞ്ചാമത്തെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ നാലു തവണയും കനികയുടെ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇന്നത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും അടുത്ത പരിശോധനാ ഫലവും നെഗറ്റീവ് ആകുന്നത് വരെ കനിക ആശുപത്രിയില്‍ തന്നെ തുടരേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ബോളിവുഡ് ഗായിക കനിക കപൂര്‍ കൊറോണ വൈറസിന് നെഗറ്റീവ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലാണ്. മാര്‍ച്ച്‌ 20 ന് ആണ് ആദ്യമായി പോസിറ്റീവ് സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് ബാധിച്ചിട്ടും നഗരത്തിലെ വിവിധ സാമൂഹിക പരിപാടികളില്‍ പങ്കെടുത്തതിന് അശ്രദ്ധയാണന്ന് കാണിച്ച്‌ നേരത്തെ ലഖ്‌നൗ പോലീസ് ഗായികയ്‌ക്കെതിരെ കേസെടുത്തിരുന്നു. നഗരത്തിലെ സരോജിനി നഗര്‍ പോലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ (ഐപിസി) 188, 269, 270 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ലഖ്‌നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഒ) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം, യുപിയിലെ കോവിഡ് കേസുകള്‍ 227 ല്‍ എത്തിയിട്ടുണ്ട്, ഇതില്‍ 94 പേര്‍ ദില്ലിയില്‍ നടക്കുന്ന തബ്ലീഗി ജമാഅത്ത് മീറ്റുമായി നേരിട്ട് ബന്ധപ്പെട്ടവരാണ്.

×