ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ദേശീയ തലത്തില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്ത് കലാപം പോലെ വര്‍ഗീയത കലര്‍ത്തി ഹിന്ദുക്കളുടെ ജീവന്‍ അപകടത്തിലാണെന്ന് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്യുന്നത്.
നടി കങ്കണ റണാവത്ത് ബംഗാളില്‍ ആക്രമണം അഴിച്ചു വിടാനും, പ്രസിഡന്റഷ്യല്‍ ഭരണം കൊണ്ട് വരണമെന്നും ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവരെ ട്വിറ്റര്‍ വിലക്കുകയും ചെയ്തു. എന്നാല്‍ തന്റെ വിദ്വേഷ പ്രചരണം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും, ഫേസ്ബുക്കിലൂടെയുമാണ് നടി നടത്തികൊണ്ടിരിക്കുന്നത്.
ബംഗാളില്‍ മമത ബാനര്‍ജിയുടെ അനുയായികള്‍ നിരവധി ഹിന്ദുക്കളെ ചുട്ടുകൊല്ലുകയും, സ്ത്രീകളെ റേപ്പ് ചെയ്യുകയുമാണെന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്. 1947ലെ ബംഗാള്‍ കൂട്ടക്കൊല ആവര്‍ത്തിക്കുകയാണ് ഹിറ്റലര്‍ മമത എന്ന പോസ്റ്റ് പങ്കുവെച്ചാണ് നടി ഇക്കാര്യം കുറിച്ചത്. ആരും തന്നെ ഈ ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നില്ലെന്നും കങ്കണ പറയുന്നു.
‘ഒരുപാട് പേരെ കൊല്ലുന്നു, റേപ്പ് ചെയ്യുന്നു, ജീവനോടെ കത്തിക്കുന്നു. എന്താണ് ഹിന്ദുക്കള്‍ ചെയ്തത്? എല്ലാവരും നിശ്ബദരായി ഇരിക്കുകയാണ്. കാണികള്‍ കരുതുന്നത് ഇത് ഞങ്ങളല്ലല്ലോ എന്നാണ്. എന്നാല്‍ അടുത്ത ദിവസം അവരായിരിക്കും ഇരകള്‍’
ഇതിന് മുമ്പ് കങ്കണ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ‘ബംഗാള്‍ ബേണിങ്ങ് ‘ എന്ന സൈബര്‍ ക്യാംപെയിനിന്റെ ഭാഗമായിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നടി മമത ബാനര്‍ജിയെ രാക്ഷസി എന്ന വിളിച്ചിരുന്നു. ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം.