കേരളം

നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പിക്കെതിരെ വീണ്ടും പീഡന പരാതി; താരം ഒളിവിലെന്ന് പൊലീസ്

ന്യൂസ് ബ്യൂറോ, പാലക്കാട്
Thursday, July 22, 2021

പട്ടാമ്പി; നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരിയായ ഡോക്ടര്‍. പരാതി നല്‍കിയ ശേഷം തന്നെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കണ്ണന്‍ പട്ടാമ്പി നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു.

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് 2019 നവംബറിലാണ് ഡോക്ടര്‍ കണ്ണനെതിരെ ആദ്യ പരാതി നല്‍കിയത്. ആശുപത്രിയിലെത്തി തന്നെ ബലമായി കടന്നുപിടിക്കാന്‍ ശ്രമിച്ചു, ദേഹോപദ്രവം നടത്തി, ഭീഷണിപ്പെടുത്തി എന്നിവയായിരുന്നു കണ്ണനെതിരായ ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ അന്ന് പൊലീസ് താരത്തിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്ടര്‍ പറഞ്ഞത്: ”കണ്ണന്‍ പട്ടാമ്പിക്കെതിരെ ഒന്നരവര്‍ഷം മുന്‍പ് ഞാന്‍ പരാതി കൊടുത്തതാണ്. ഈ ഒന്നര വര്‍ഷത്തിനിടെയും കണ്ണന്‍ പട്ടാമ്പി സമാനരീതിയില്‍ അപമാനിക്കുന്നത് തുടരുകയാണ്.

സോഷ്യല്‍മീഡിയയിലൂടെയും അപവാദപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അന്ന് കൊടുത്ത പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥാ ഒഴിവാക്കാമായിരുന്നു.” അതേസമയം, കണ്ണന്‍ ഒളിവിലാണെന്നാണ് പട്ടാമ്പി പൊലീസ് പറയുന്നത്.

×