രണ്ടു ചെറിയ കട്ടിൽ ഇടാൻ പറ്റുന്ന ഒറ്റമുറിയിൽ ഒരു കട്ടിലിൽ മരിച്ചു കിടക്കുന്ന ജ്യോതി ; അടുത്ത കട്ടിലിനു മുകളിൽ കഴുക്കോലിൽ തൂങ്ങിയ നിലയിൽ മോഹനനും; സമീപത്ത് തറയിലൊതുങ്ങിയ പുതിയ വീട് പണി ; ദമ്പതികളുടെ മരണത്തില്‍ ഞെട്ടി നാട്ടുകാര്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, February 23, 2020

ഇരിട്ടി :  രണ്ടു ചെറിയ കട്ടിൽ ഇടാൻ പറ്റുന്ന ഒറ്റമുറിയിൽ ഒരു കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ ജ്യോതി. അടുത്ത കട്ടിലിനു മുകളിൽ കഴുക്കോലിൽ തൂങ്ങിയ നിലയിൽ മോഹനനും. സമീപത്ത് തറയിലൊതുങ്ങിയ പുതിയ വീട് പണി. ബാങ്ക് വായ്പയും കടബാധ്യതകളും മറ്റു പ്രശ്‌നങ്ങളും മൂലം വീട് പണി നീളുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

നിലവിലെ വീട് പൊളിച്ച് പുതിയ വീട് പണിയാനാണ് ഒറ്റ മുറിയിൽ താൽക്കാലിക സൗകര്യം ക്രമീകരിച്ചത്. ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മുഴക്കുന്ന്, കടുക്കാപാലം ഗ്രാമങ്ങളെ നടുക്കത്തിലാഴ്ത്തി. ഏറെയും സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന കാർഷിക മേഖലയാണ് കടുക്കാപാലം. രാവിലെ വാർത്ത കേട്ടവർ പലരും വിശ്വാസം വരാതെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.

മകൻ ജിഷ്ണുദാസ് ചത്തീസ്ഗഢിൽ ജോലി ആയതിനാൽ ഭാര്യയും ഒപ്പം അവിടെയാണ് താമസം. മകളും വിവാഹിതയായി മാനന്തേരി ഭർതൃവീട്ടിൽ ആയതിനാൽ മോഹനനും ജ്യോതിയും മാത്രമാണ് ഇവിടെയുള്ളത്. പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസ് (മുഴക്കുന്ന്), പി.പി.സുഭാഷ് (തില്ലങ്കേരി), ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രശാന്തൻ മുരിക്കോളി, ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി, കോൺഗ്രസ് നേതാവ് വി.രാജു എന്നിങ്ങനെ വിവിധ മേഖലയിൽ നിന്നുള്ളവർ സ്ഥലത്ത് എത്തിയിരുന്നു.

കുടുംബശ്രീ അയൽക്കൂട്ടം സെക്രട്ടറിയും തൊഴിലുറപ്പ് മേറ്റും ആയ ജ്യോതി ഒള്ളിലെ സങ്കടങ്ങൾ പുറമെ കാണിക്കാതെ മറ്റുള്ളവരോട് സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നെന്നാണു നാട്ടുകാർ പറയുന്നത്. ദുരന്തം വിശ്വസിക്കാനാവുന്നില്ലെന്ന് സമീപവാസിയായ വല്ലി പറഞ്ഞു.

ജ്യോതിയുടെ ഒരു സഹോദരി കാൻസർ ബാധിതയാണ്. ഇവരുടെ ആശുപത്രി വാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ജ്യോതിയും മറ്റൊരു സഹോദരിയും മാറിമാറി ശുശ്രൂഷയ്ക്കായി പോകുമായിരുന്നു. ഇപ്രകാരം വീട്ടിൽ നിന്ന് മാറി നിൽക്കുന്നതു പോലും മോഹനന് ഇഷ്ടമില്ലായിരുന്നെന്ന് പറയുന്നു. ജ്യോതിയുടെ ദുരന്തത്തോടെ സഹോദരിയുടെ രോഗജീവിതം കൂടുതൽ ദുരിതപൂർണമാവുമോയെന്ന ആശങ്കയും ഉണ്ട്

×