കണ്ണൂർ: ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചെറുപുഴ സ്വദേശി പെട്ടക്കൽ ബിനോയ് (40) ആണ് അറസ്റ്റിലായത്. ചെറുപുഴ സ്വദേശി പൗലോസ് (78), ഭാര്യ റാഹേൽ (72) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പൗലോസിന്റെ മകൻ ഡേവിഡിനെ (47) കുത്തി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പൗലോസിന്റെ സഹോദര പുത്രനാണ് പ്രതിയായ ബിനോയ്.
കഴിഞ്ഞ 13നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്വന്തം സഹോദരനെ കുത്തി കൊലപ്പെടുത്തിയ മറ്റൊരു കേസിൽ ബിനോയിക്ക് എതിരെ പൗലോസിന്റെ മൂത്തമകൻ സാക്ഷി പറഞ്ഞതിനെ തുടർന്നാണ് കുടുംബത്തോടെ പ്രതിക്ക് വൈരാഗ്യം ഉണ്ടായത് എന്നാണ് പൊലീസിൻറെ കണ്ടെത്തൽ.
ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയ പ്രതി സംഭവത്തിനു ശേഷം ഒളിവിൽ പോയി. പൊലീസ് അന്വേഷണം ഊർജിതമാക്കിയതിന് ഇടയിലാണ് ബിനോയിയെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നിലയിൽ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയത്.
ബിനോയ് കാമുകിക്കൊപ്പം ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും ചെറുപുഴ സ്വകര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കാമുകി മരിച്ചിരുന്നു. പരിക്കുകൾ ഗുരുതരമായതിനാൽ ബിനോയിയെ പരിയാരത്ത് ഉള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ചെറുപുഴ പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.