തളിപ്പറമ്പ് : വളക്കടയില്‍ മറന്നുവച്ച ആറ് ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപയും വഴിയരികില്‍ നിന്ന് കിട്ടി. തളിപ്പറമ്പ് വരഡൂലെ ചെക്കിയില്‍ ബാലകൃഷ്ണനാണ് പണം കടയില്‍ മറന്നുവച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് പണം ബാലകൃഷ്ണന്‍ കടയില്‍ മറന്നുവച്ചത്. സ്വത്ത് വിറ്റ് കിട്ടയ പണമായിരുന്നു ഇത്. മൂന്ന് ദിവസം കഴിഞ്ഞ് വ്യാഴാഴ്ച ഈ പണം റോഡരുകില്‍ നിന്ന് കടലാസില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
വളം വാങ്ങുന്നതിനിടയില്‍ പണം ചാക്കിന് മുകളില്‍ വച്ച കാര്യം ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ബാലകൃഷ്ണന്‍ ഓര്‍ക്കുന്നത്. ഉടന്‍ തന്നെ കടയിലെത്തി വിവരം പറഞ്ഞ് തെരഞ്ഞപ്പോള്‍ പണം വച്ചയിടത്ത് കണ്ടെത്താനായിരുന്നില്ല. ഇതോടെ ബാലകൃഷ്ണന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വരഡൂലെ സ്വദേശിയായ എം ടി ബാലനാണ് ഈ പണം വഴിയരികില്‍ നിന്ന് കണ്ടെത്തിയത്. തളിപ്പറമ്പിലെ ബോംബെ പ്ലാസ്റ്റിക്ക് എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ് ഇയാള്‍.
കോടതി പരിസരത്തുള്ള ചായക്കടയില്‍ എത്തിയ സമയത്ത് അവിടെ നടന്ന പണം കാണാതായത് സംബന്ധിച്ച ചര്‍ച്ചയിലാണ് റോഡില്‍ പൊതി കിടക്കുന്ന കാര്യം ചായക്കടക്കാരനോട് പറയുന്നത്. തുടര്‍ന്ന് ഇവര്‍ സംശയ നിവാരണത്തിനായി പൊതി കിടന്നയിടത്ത് എത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടത്. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ വിവരമറിയിച്ചു.
നഷ്ടമായ പണത്തിലെ ഭൂരിഭാഗവും കണ്ടെത്താന്‍ കഴിഞ്ഞതിന്‍റെ സമാധാനത്തിലാണ് പൊലീസുള്ളത്. പൊതി കിടന്ന പരിസരത്തുള്ള സിസിടിവി പരിശോധിച്ചതില്‍ ഒരു ഓട്ടോയില്‍ നിന്നാണ് പൊതി വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്.