കണ്ണൂർ; മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ആരോപണത്തിൽ കേസെടുക്കാത്തത് എന്തേയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇത്ര വ്യക്തമായി ഒരാള്‍ ആരോപണം ഉന്നയിച്ചിട്ടും നടപടിയില്ല. ഈ ആരോപണവുമായി ബന്ധപ്പെട്ടു കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. കോടതിയെ സമീപിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഭീഷണിപ്പെടുത്തി പരാതിയെഴുതിച്ചു വരെയാണ് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
‘‘ദേശാഭിമാനിയുടെ അസോഷ്യേറ്റ് എഡിറ്ററായി ജോലി ചെയ്തയാളാണ് ആരോപണം ഉന്നയിച്ച ശക്തിധരൻ. അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. തെളിവു സഹിതമാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അത് വിശ്വസിക്കാവുന്നതേയുള്ളൂ. പക്ഷേ, അതനുസരിച്ച് ചലിക്കാൻ ഇവിടുത്തെ സർക്കാർ തയാറാകുന്നില്ല എന്നതാണ് പ്രധാനം. ഇവിടുത്തെ പൊലീസ് ഇത് അന്വേഷിക്കുമോ?.
ഏതോ ഒരു പയ്യനെ ഭീഷണിപ്പെടുത്തി എനിക്കെതിരെ പറയിപ്പിച്ച 10 ലക്ഷം രൂപയുടെ കേസ് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. എന്തേ ഇത് അന്വേഷിക്കാത്തത്? 1500 കോടി രൂപയുടെ എസ്റ്റേറ്റ് കരസ്ഥമാക്കിയെന്ന് രേഖ വച്ചുകൊണ്ട് സ്വപ്ന സുരേഷ് അടക്കമുള്ള ആളുകൾ ആക്ഷേപം ഉന്നയിച്ചിരിക്കുന്നു. എന്തേ അന്വേഷിക്കാത്തത്? ഈ അന്വേഷണങ്ങളോടെല്ലാം മുഖം തിരിച്ചിരിക്കുന്ന ആളുകൾ, മറ്റുള്ളവരുടെ നിസാരമായ കാര്യങ്ങൾ തൂക്കിയെടുത്ത് കള്ളസാക്ഷികളെ വച്ചുകൊണ്ട് ഓരോന്നു ചെയ്യുന്നവരായി ഈ കേരളത്തിലെ ഭരണ സംവിധാനം തരംതാഴ്ന്നിരിക്കുന്നു.
ഈ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണമില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നിയമ നടപടി സ്വീകരിക്കും. അതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. ആ തീരുമാനവുമായി ഞങ്ങൾ കോടതിയെ സമീപിക്കും. എനിക്കെതിരായ എല്ലാവിധ അന്വേഷണങ്ങളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇനി സിബിഐ വേണോ? അവരും അന്വേഷിക്കട്ടെ. എന്റെ സത്യസന്ധത തെളിയിക്കാനുള്ള എല്ലാ സാധ്യതകളും എന്റെ മുന്നിലുണ്ട്. എനിക്കൊരു ആശങ്കയുമില്ല’’ – സുധാകരൻ വ്യക്തമാക്കി.
‘‘ഈ പ്രശാന്ത് ബാബു ആരാണെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? ഇങ്ങനെയുള്ള ഒരാളെ മറ്റു മാന്യൻമാരായ നേതാക്കൾക്കൊപ്പം കൊണ്ടുപോയി ചാനൽ ചർച്ചയ്‌ക്കിരുത്തി അവരെ അപമാനിക്കാൻ നിങ്ങൾക്കു നാണമില്ലേ? ഇത് അനീതിയാണ്. ആരാണ് പ്രശാന്ത്, എന്താണ് പ്രശാന്ത്? നിങ്ങൾ അന്വേഷിച്ചോ? എന്തൊക്കെ ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണ് അയാൾ? ഇന്നലെ ഒരു സ്ത്രീ അയാൾക്കെതിരെ പരാതിപ്പെട്ടില്ലേ? ഇന്നും അയാൾക്കെതിരെ രണ്ടു പരാതി വന്നിട്ടുണ്ട്. അദ്ദേഹം എന്നെ പറ്റിച്ചവനാണ്.
എന്നെ സിപിഎമ്മിന് ഒറ്റുകൊടുത്ത് വധിക്കാൻ സാഹചര്യമൊരുക്കിയ വ്യക്തിയാണ്. അയാൾ എന്റെ സ്ഥിരം ഡ്രൈവറൊന്നുമല്ല. സ്ഥിരം ഡ്രൈവർ ലീവാകുമ്പോൾ മാത്രം കൂടെ കൊണ്ടുപോകുന്നയാളാണ്. അങ്ങനെ പോകുമ്പോൾ എന്നെ കൊല്ലാൻ വഴിയൊരുക്കിയിട്ട് ഞാൻ പുറത്താക്കിയതാണ്. ബാങ്കിൽ ഞാൻ ജോലി വാങ്ങിക്കൊടുത്തെങ്കിലും അവിടെ വൻ തട്ടിപ്പു നടത്തി അവിടെനിന്നും പറഞ്ഞുവിട്ടു. അങ്ങനെയൊരാളെ നിങ്ങൾ ചർച്ചയ്ക്കു വിളിച്ചിരുത്തി മറ്റു നേതാക്കളെ അപമാനിക്കുകയാണു ചെയ്തത്’’ – സുധാകരൻ പറഞ്ഞു.