സനൂപിന് അന്ത്യയാത്രയായത് പ്രതിശ്രുത വധുവിനെ കാണാന്‍ എറണാകുളത്തേയ്ക്ക് പുറപ്പെട്ട യാത്ര ; അന്ത്യ ഒരുക്കങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കുന്നത് സഹപാഠിയും ഉറ്റസുഹൃത്തുമായ ഒറ്റപ്പാലം സബ്കളക്ടറും

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Friday, February 21, 2020

പയ്യന്നൂർ : പ്രതിശ്രുത വധുവിനെ കാണാ‍ൻ എറണാകുളത്തേക്കുള്ള യാത്രയാണു പയ്യന്നൂർ തെരു സ്വദേശി എം.വി.സനൂപിന് അന്ത്യയാത്രയായത്. എറണാകുളം ഐടി പാർക്കിൽ ജോലി ചെയ്യുന്ന എൻജിനീയറുമായി സനൂപിന്റെ വിവാഹം നിശ്ചയിച്ചതു ജനുവരി 30ന് ആയിരുന്നു. നീലേശ്വരം സ്വദേശിനായാണു യുവതി.

ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹ നിശ്ചയം. ബെംഗളൂരുവിൽ നിന്നുള്ള സുഹൃത്തുക്കളെയെല്ലാം പങ്കെടുപ്പിച്ചു വിപുലമായ വിവാഹാഘോഷമാണു പദ്ധതിയിട്ടത്. ഏപ്രിൽ 12ന് വിവാഹം നടത്താനായിരുന്നു തീരുമാനം. കമ്പനിയിൽ നിന്ന് അവധി ലഭിച്ചതിനെത്തുടർന്നാണു സനൂപ് എറണാകുളത്തേക്കു പുറപ്പെട്ടത്.

ഓട്ടോ ഡ്രൈവറുടെ മകൻ തിരുച്ചിറപ്പള്ളിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ നിന്ന് (എൻഐടി) പവർ സിസ്റ്റംസ് എംടെക്കിൽ റാങ്ക് നേടി വിജയിച്ചതിനു പിന്നിൽ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. എസ്എസ്എൽസിയും പ്ലസ്ടുവും സമ്പൂർണ എ പ്ലസുമായി വിജയിച്ച സനൂപ് കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്നാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിടെക് നേടിയത്.

ആദ്യ റാങ്കുകളിൽ ഉൾപ്പെട്ട സനൂപ് ഗേറ്റി(ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്)ൽ ഉന്നത സ്കോർ നേടി തിരുച്ചിറപ്പിള്ളി എൻഎടിയിൽ എംടെക്കിനു ചേർന്നു. അവിടെ ക്യാംപസ് ഇന്റർവ്യു വഴിയാണ് ബെംഗളൂരുവിലെ കോണ്ടിനന്റൽ ഓട്ടമൊബീൽ കംപോണന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത്. 4 വർഷമായി ഇവിടെ ജോലി ചെയ്തുവരുന്നു.

കൊല്ലം ടികെഎമ്മിൽ സനൂപിന്റെ സഹപാഠിയും അടുത്ത സുഹൃത്തുമാണ് ഒറ്റപ്പാലം സബ് കലക്ടറായ അർജുൻ പാണ്ഡ്യൻ. അവിനാശി അപകടത്തിൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാലക്കാട്ടു നിന്ന് ഏകോപിപ്പിക്കാനുള്ള ചുമതലയാണ് അർജുന്.

ഒരേ ക്ലാസ് മുറിയിൽ നാലുവർഷം കളിച്ചും പഠിച്ചും സൗഹൃദം പങ്കിട്ടും കഴിഞ്ഞ കൂട്ടുകാരന്റെ അന്ത്യയാത്രയ്ക്കുള്ള ഒരുക്കങ്ങളും ചെയ്യാനുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. ഇന്നു സനൂപിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിക്കുമ്പോൾ അവസാനമായി ഒരുനോക്കു കാണാൻ അർജുനും വരുന്നുണ്ട് പയ്യന്നൂരിലേക്ക്.

×