ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; സർക്കാരിനെതിരെ പ്രക്ഷോഭവുമായി കാന്തപുരം വിഭാഗം

New Update

publive-image

Advertisment

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് കാന്തപുരം വിഭാഗം പരസ്യമായി സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നത്. ശനിയാഴ്ച സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തും. ഇന്നലെ രാത്രി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

കാന്തപുരം വിഭാഗം മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അം​ഗീകരിച്ചുവെന്ന വികാരമാണ് പൊതുവിൽ ഉണ്ടായിരുന്നത്. എന്നാൽ അതിന് വിപരീതമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ വിഷയത്തിൽ കാന്തപുരം വിഭാഗം സർക്കാരുമായി ഇടയുന്നുവെന്ന സൂചനകളാണ് മറനീക്കി പുറത്തുവരുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോൺ​ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുകയാണ്. കെ.എം. ബഷീറിന്റെ മരണശേഷം സർക്കാർ സ്വീകരിച്ച നടപടികളിലെല്ലാം കാന്തപുരം വിഭാ​ഗം പൂർണ തൃപ്തിയാണ് അറിയിച്ചിരുന്നത്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം ബഷീറിൻ്റെ സഹോദരൻ രം​ഗത്തെത്തിയിരുന്നു. സർക്കാർ വാക്ക് പാലിച്ചില്ലെന്ന ​ഗുരുതര ആരോപണമാണ് കെ.എം ബഷീറിൻ്റെ സഹോദരൻ ഉന്നയിക്കുന്നത്. സർക്കാരും പ്രതി ശ്രീറാം വെങ്കിട്ടരാമനും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കളക്ടറാക്കിയ ഉത്തരവിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

രാത്രി ഒരു മണിക്ക് നടന്ന അപകടത്തിൽ 7 മണിക്കാണ് എഫ്ഐആർ ഇടുന്നത്. അതിൽത്തന്നെ ദുരൂഹതയുണ്ട്. രക്ത സാമ്പിൾ എടുക്കാൻ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടും പ്രതിയെ കിംസിലാണ് കൊണ്ടുപോയത്. ഇത് അന്വേഷണം വൈകിപ്പിക്കാൻ വേണ്ടിയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോൾ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടാണ് ഇപ്പോൾ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരിക്കുന്നത്. ഇത് സർക്കാരും ശ്രീറാം വെങ്കിട്ടരാമനും തമ്മിലുള്ള ഒത്തുകളിയാണ്. മുഖ്യമന്ത്രിയെ ഇനിയും കാണണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്റ്റ് 3ന് മൂന്നു വർഷം തികയുകയാണെന്ന് പി.കെ. അബ്ദുറബ്ബ് ഫെയ്സ് ബുക്കിൽ കുറിച്ചു. കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കളക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുകയാണ്. എന്തൊരു ശിക്ഷയാണ് നടപ്പാക്കിയത് തുടങ്ങിയ പരിഹാസവാക്കുകളാണ് പി.കെ. അബ്ദുറബ്ബ് ഫെയ്സ് ബുക്കിൽ കുറിച്ചത്.

പുതിയ മാറ്റമനുസരിച്ച് രേണു രാജാണ് പുതിയ എറണാകുളം കളക്ടർ. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുടെ ചുമതലയും ഖോസയ്ക്കാണ്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി ഹരി കിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫർ മാലിക് പിആർഡി ഡയറക്ടറാവും.

Advertisment