ജനങ്ങളുടെ വിശ്വാസം നേടാൻ കോൺഗ്രസിന് കഴിയുന്നില്ല; പരാജയം സംഭവിച്ചിട്ടും നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്ന് കബിൽ സിബൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, November 16, 2020

പാറ്റ്‌ന: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കബിൽ സിബൽ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയെ തുടർന്നാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കബിൽ സിബൽ രംഗത്തെത്തിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും കബിൽ സിബൽ വ്യക്തമാക്കി.

ജനങ്ങളുടെ വിശ്വാസം നേടാൻ കോൺഗ്രസിന് കഴിയുന്നില്ല. രാജ്യത്ത് ഒരിടത്തും ജനങ്ങൾ കോൺഗ്രസിനെ ബദലായി കാണുന്നില്ല. പരാജയം സംഭവിച്ചിട്ടും നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് പരാജയ കാരണം അന്വേഷിക്കുന്നതേയില്ല. പാർട്ടിയിൽ പ്രതികരിക്കാൻ വേദികളില്ല. അതിനാൽ തന്നെ തന്റെ ആശങ്ക പരസ്യമാക്കുകയാണെന്നും കബിൽ സിബൽ വ്യക്തമാക്കി.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. മഹാസഖ്യത്തിന്റെ ഭാഗമായി 70 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചെങ്കിലും കാര്യമായ സീറ്റുകളൊന്നും നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല.

×